ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് 13.3, തെലങ്കാന 10.6, അസം 10.2, ആന്‍ഡമാന്‍ ആന്റ് നിക്കോബര്‍ 5.83 എന്നിങ്ങനെയാണ് ഒമ്പതുമണി വരെയുള്ള പോളിങ് ശതമാനം.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. സഹാറന്‍പുര്‍-13, മുസാഫര്‍നഗര്‍-12, മീററ്റ്-11, ബിജ്നോര്‍-11, ബാഗ്പത്-10.19, ഗാസിയാബാദ്-12, ഗൗതംബുദ്ധനഗര്‍-10.7 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അതിനിടെ മുസാഫര്‍നഗറില്‍ കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ബുര്‍ഖ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കുന്ന ആന്ധ്രപ്രദേശിലും ആദ്യമണിക്കൂറുകളില്‍ നിരവധിപേര്‍ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് പലയിടത്തും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഗുണ്ടൂരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടി.ഡി.പി. പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. ജനസേന സ്ഥാനാര്‍ഥിയായ മധുസൂദന്‍ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗമോഹന്‍ റെഡ്ഡി, ആസാദുദ്ദീന്‍ ഒവൈസി, ഹരീഷ് റാവത്ത്, തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
Leave a Comment