സ്‌കിറ്റുകളില്ലാതെ നാദിര്‍ഷയുടെ പുതിയ ചിത്രം ;മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേരാ നാം ഷാജിക്ക് മികച്ച പ്രതികരണം

അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം നാദിര്‍ഷാ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ‘മേരാ നാം ഷാജി’ ക്ക് ആദ്യദിനം തന്നെ പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവധിക്കാലത്ത് കുട്ടികളും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് മേരാ നാം ഷാജി. അതുകൊണ്ടുതന്നെ കുടുംബ പ്രേക്ഷകര്‍ നാദിര്‍ഷയുടെ മൂന്നാം ചിത്രവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായാണ് തീയേറ്ററുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ആദ്യ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അവതരണ രീതിയാണ് ഈ ചിത്രത്തിനെന്നത് ജനങ്ങളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണമായി. ഒരു മിമിക്രിക്കാരനില്‍ നിന്നും സിനിമാ സംവിധായകനായ നാദിര്‍ഷായുടെ ആദ്യ സിനിമകളില്‍ മിമിക്രിയുടെ അതിപ്രസരം ഉണ്ടായിരുന്നു. സ്‌കിറ്റ് രീതിയിലായിരുന്ന ആദ്യത്തെ സിനിമകളിലെ കോമഡി സീനുകള്‍ അവതരിപ്പിച്ചിരുന്നത്. അത് പ്രേക്ഷകരിലേക്ക് വളരെ പെട്ടെന്ന് എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സിനിമയില്‍ അത്തരത്തിലുള്ള യാതൊരു സീനുകളും നമുക്ക് കാണാന്‍ കഴിയില്ല. നാദിര്‍ഷ എന്ന മികച്ച സംവിധായകനിലേക്കുള്ള വളര്‍ച്ച സിനിമയുടെ ഓരോ ഘട്ടത്തിലും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമെന്നതില്‍ സംശയമില്ല.

കഥയിലെ കെട്ടുറപ്പും ചടുലമായ അവതരണ രീതിയും ദിലീപ് പൊന്നന്‍ എന്ന തിരക്കഥാകൃത്തിന്റെ കഴിവ് തെളിയിക്കുന്നതാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും കൊച്ചിയിലുമുള്ള മൂന്ന് ഷാജിമാര്‍ പരസ്പരം അപ്രതീക്ഷിതമായി ബന്ധപ്പെടുന്നതും തുടര്‍ന്ന് ഉണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ബിജു മേനോനും ആസിഫലിയും ബൈജുവുമാണ് ഈ മൂന്ന് ഷാജിമാരായി എത്തുന്നത്. സന്ദര്‍ഭത്തിനനുസരിച്ചുള്ള തമാശകളുമായി മികച്ച പ്രകടനം കാഴ്ചവച്ച് ബിജുമേനോനും ധര്‍മജനും ബൈജുവും സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നു. ആസിഫലിയും തന്റെ ഭാഗം ഗംഭീരമാക്കി. തന്റെ തനതായ ശൈലികൊണ്ട് നിഖില വിമല്‍ നായികയായി കഴിവ് തെളിയിച്ചിരിക്കുന്നു.

ഒരു സുപ്രധാന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ഗണേഷ് കുമാര്‍ തിളങ്ങി നില്‍ക്കുന്നു. സാദിഖ്, മൈഥിലി, ജാഫര്‍ ഇടുക്കി, ഭീമന്‍ രഘു, സാവിത്രി ശ്രീധരന്‍, സുരഭി, രഞ്ജിനി ഹരിദാസ്, സുരേഷ് കുമാര്‍ എന്നിവരാണ് മറ്റ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്.

നാദിര്‍ഷയുടെ സംവിധാനവും ദിലീപ് പൊന്നന്റെ തിരക്കഥയും സംഭാഷണവും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ജോണ്‍ കുട്ടിയുടെ ചിത്രസംയോജനവും മികവുറ്റതാണ്. എമില്‍ മുഹമ്മദിന്റെ ഗാനങ്ങളും ജേക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും മനോഹരമായി. കളര്‍ഫുള്‍ ഫ്രെയിമുകളുമായി വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാകുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ചിരിക്കൊപ്പം ഒരു എന്റര്‍ടെയനര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചാണ് തിരക്കഥാകൃത്തും സംവിധായകനും ചിത്രം ഒരുക്കിയിരിക്കുന്നന്. ഒരു മില്യണ്‍ ഡയറക്ടറായി നാദിര്‍ഷാ ഉയര്‍ന്നു എന്നതിന് തെളിവാകും ഈ സിനിമ. ഈ അവധിക്കാലം കുടുംബ പ്രേക്ഷകര്‍ക്ക് മതിമറന്ന് ആസ്വദിക്കാന്‍ പറ്റിയ നല്ലൊരു ഫാമിലി എന്റര്‍ടൈനറാണ് മേരാ നാം ഷാജി എന്നതില്‍ സംശയമില്ല.

pathram:
Related Post
Leave a Comment