വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന കേരളത്തിലെത്തും. വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായാണ് രാഹുല്‍ എത്തുന്നത്. രാത്രി എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ടാവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം.

രാത്രി ഉന്നത കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും. കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങും. അവിടന്ന് റോഡ് ഷോ ആയി നാമനിര്‍ദേശ പത്രിക നല്‍കാന്‍ കളക്ടറേറ്റിലേക്ക് പോകും.

തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. സുരക്ഷാ ഏജന്‍സിയുടെ അനുമതി ലഭിച്ചശേഷമേ പരിപാടികളില്‍ അന്തിമ തീരുമാനമാവുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

pathram:
Related Post
Leave a Comment