മോഡിയുടെ പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ച് പെരുമാറ്റ ചട്ട ലംഘനമുണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. തൃണമുല്‍ കോണഗ്രസിന്റെയും സിപിഎമ്മിന്റെയും പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

ബഹിരാകാശ രംഗത്തെ കുതിച്ചു ചാട്ടമായ ഓപ്പറേഷന്‍ ശക്തിയുടെ വിജയം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോഡി പ്രഖ്യാപനം നടത്തിയത്. മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് മമത ബാനര്‍ജിയും സീതാറാം യച്ചൂരിയും ആരോപിച്ചു. തിടുക്കപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

ലോകനാടക ദിനാശംസകള്‍ നേര്‍ന്നാണ് മോഡിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചത്. രാജ്യത്തെ സുപ്രധാനമായ വിഷയങ്ങളില്‍ നിന്ന് കുറച്ചുനേരത്തേക്ക് ശ്രദ്ധതിരിക്കാന്‍ മോഡിക്ക് കഴിഞ്ഞെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. ശാസ്ത്രഞ്ജരുടെ നേട്ടം രാഷ്ട്രീയ ലാഭത്തിനായി മോഡി ഉപയോഗിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. മോഡി പെരുമാറ്റച്ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം.

pathram:
Leave a Comment