വീട്ടുവളപ്പില്‍ അല്പം വെള്ളം വയ്ക്കൂ… സഹജീവികളുടെ ജീവന്‍ കൂടി ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെക്കുന്നു.

ഞായറാഴ്ച മാത്രം സൂര്യാഘാതമേറ്റ് മൂന്നു പേര്‍ മരിക്കുകയും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. പത്തുദിവസത്തിനിടെ 111 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.

കാട്ടില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികള്‍ക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവര്‍ക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവന്‍ സംരക്ഷിക്കാന്‍ ഇടയാക്കും. കാട്ടില്‍ അധിവസിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താല്‍ക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment