ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയനെ പിരിച്ചുവിട്ടു

മാവേലിക്കര: ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് നേതൃത്വത്തെ പിരിച്ചുവിട്ടു. നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് ഇടതു സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ് എന്‍എസ്എസ്. മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് നേതൃത്വം പിരിച്ചുവിട്ടത്. പകരം അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ ഭരണത്തിനായി നിയമിക്കുകയും ചെയ്തു.

ബിജെപിയെയും യുഡിഎഫിനെയും തുണയ്ക്കണമെന്ന എന്‍എസ്എസ് കേന്ദ്രനേതൃത്വം അട്ടിമറിച്ചായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് മാവേലിക്കര താലൂക്ക് യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയത്. ഇതേ തുടര്‍ന്ന് 15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.

അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന കരയോഗം നിര്‍ദേശം തള്ളിയത്. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചിലയിടങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കണമെന്നതായിരുന്നു എന്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ നയത്തിനെതിരായി മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന് പുറമേ വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പും യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. പിന്നാലെ കരയോഗാംഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യു.ഡി.എഫിന് ഉറപ്പാക്കണമെന്നുള്ള നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ട് യൂണിയന്‍ തന്നെ നേതൃത്വം പിരിച്ചുവിടുകയായിരുന്നു.

pathram:
Related Post
Leave a Comment