ആര്‍എസ്എസ് നേതാവിന്റെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ചു; മകനടക്കം രണ്ടു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീട്ടു മുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ച് മകനടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കജില്‍ , ഗോകുല്‍ എന്നീ കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചു. പൊലീസ് നടത്തിയ തെരച്ചിലില്‍ 7 വടിവാളുകളും മഴുവും ബോംബ് നിര്‍മ്മാണ സാമഗ്രികളും ഷിബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങള്‍ വലിച്ചെടുത്തപ്പോഴാണ് സ്‌ഫോടനമുണ്ടായത്. വീട്ടുടമ ആര്‍എസ്എസ് നേതാവ് ഷിബുവിന്റെ മകനടക്കം രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റു.

ഒരു കുട്ടിയുടെ അരയ്ക്ക് താഴെ സാരമായ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിനും സ്‌ഫോടനത്തില്‍ പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഒരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്കും രണ്ടാമത്തെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

മരക്കഷ്ണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചതായിരുന്നു ബോംബ് എന്നാണ് നിഗമനം. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തത്. 7 വാളുകളും 1 മഴുവും 1 ഇരുമ്പ് കമ്പിയും ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് കണ്ടെത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ ഷിബു ഒളിവില്‍ പോയെന്ന് പൊലീസ് പറയുന്നു. ആസൂത്രിതമായ ആക്രമണത്തിന് തയാറാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചു.

pathram:
Related Post
Leave a Comment