വടകരയില്‍ കെ. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ഥി ? മത്സരിക്കില്ലെന്ന് ഉറച്ച് മുല്ലപ്പള്ളി

കണ്ണൂര്‍ : സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മത്സരിച്ച കെ പ്രവീണ്‍കുമാര്‍ വടകരയില്‍ പി ജയരാജന് എതിരാളിയായേക്കും. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന ആകാംഷ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കെ പ്രവീണ്‍കുമാറിന്റെ പേരാണ് ഏറ്റവും ശക്തമാകുന്നത്. വിഎം സുധീരനെയും ബിന്ദു കൃഷ്ണയെയും അവസാനമായി പരിഗണിച്ചെങ്കിലും ഇരുവരും മത്സരിക്കാനില്ലെന്ന നിലപാട് എടുത്തതോടെയാണ് പ്രവീണ്‍കുമാറില്‍ എത്തിയിരിക്കുന്നത്.

പരിഗണിക്കുന്ന മറ്റൊരു പേര് സജീവ് മാറോളിയാണ്. അതേസമയം പി ജയരാജനെ പോലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ബദലായി അത്രയും തന്നെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നതാണ് കോണ്‍ഗ്രസിനുള്ളില്‍ പൊതുവായി ഉയര്‍ന്നു വരുന്ന വികാരം. ആ നിലയില്‍ മത്സരിക്കണമെന്ന് കേരളത്തിന്റെ കാര്യം നോക്കുന്ന മുകുള്‍ വാസ്‌നിക്കും വി എം സുധീരനും അടക്കമുള്ള നേതാക്കള്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ കേരളത്തിലെ നേതാക്കള്‍ മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര നേതൃത്വത്തിന് ഫാക്‌സ്, ഇ മെയില്‍ സന്ദേശങ്ങള്‍ വരെ അയച്ചിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു തന്നെ മുല്ലപ്പളളി നിന്നതോടെ പുതിയ ആളെ തപ്പേണ്ടി വന്നിരിക്കുന്നത്.

മുല്ലപ്പള്ളി ഇല്ലെന്നായതോടെ വിഎം സുധീരനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും 2009 ല്‍ താന്‍ പാര്‍ലമെന്ററി മത്സരരംഗത്ത് നിന്നും പിന്മാറിയതാണ് എന്നായിരുന്നു സുധീരന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബിന്ദു കൃഷ്ണയെ പരിഗണിച്ചത്. എന്നാല്‍ അവരും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്ത് എത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്ഥാനാര്‍ത്ഥിയെ മുല്ലപ്പള്ളി തന്നെ തീരുമാനിക്കട്ടെയെന്നും എന്തായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയെ തന്നെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment