ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.
തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെനിന്ന് മത്സരിക്കും. ബാക്കി 14 സീറ്റുകളില്‍ ബിജെപിയാകും മത്സരിക്കുക. ബിജെപി സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ താഴവ സഹദേവന്‍, ആലത്തൂരില്‍ ടി.വി. ബാബു, വയനാട്ടില്‍ പൈലി വത്ത്യാട്ട് എന്നിവര്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളാകുമെന്നാണ് കരുതുന്നത്.
പത്തനംതിട്ടയോ തൃശൂരോ ആണെങ്കില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ എന്ന നിലപാടിലാണ് ആദ്യം മുതല്‍ തന്നെ കെ.സുരേന്ദ്രന്‍. ഏറ്റവും ഒടുവില്‍ ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന് കെ.സുരേന്ദ്രനോട് നേതൃത്വം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. സുരേന്ദ്രന്‍ ഇതിന് വഴങ്ങിയാല്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് ഇത്തവണ മത്സരരംത്തുണ്ടാകില്ല.
ശബരിമല വിഷയത്തോടെ തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി നേതാക്കള്‍ ഹോട്ട് സീറ്റായി കാണുന്നത് പത്തനംതിട്ടയാണ്. ഗവര്‍ണര്‍ പദവി വിട്ട് തിരിച്ചെത്തിയ കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചപ്പോള്‍ നേതാക്കളെല്ലാം പത്തനംതിട്ടയ്ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതിനിടെ തിരുവനന്തപുരത്ത് നോട്ടമിട്ട സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഡല്‍ഹി ചര്‍ച്ചകളില്‍ പത്തനംതിട്ട ഉറപ്പിച്ചു. ഇതിനിടെ അവിടെ മത്സരിക്കാന്‍ ആഗ്രഹിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് എറണാകുളത്ത് നില്‍ക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. പക്ഷേ അദ്ദേഹവും പത്തനംതിട്ട ആണെങ്കില്‍ മാത്രമേ മത്സരിക്കൂ എന്ന് വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ പത്തനംതിട്ടയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും അവിടെ ഇല്ലെങ്കില്‍ മത്സരത്തിനില്ല എന്ന് ജനറല്‍ സെക്രട്ടറി എം.ടി രമേശും നേതൃത്വത്തെ അറിയിച്ചിരുന്നു. കോഴിക്കോട് സീറ്റിലേക്കാണ് എം.ടി രമേശിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. അതിന് അദ്ദേഹം വഴങ്ങുമോ എന്ന് കണ്ടറിയണം. ബിഡിജെഎസ്സിന് അനുവദിച്ച എറണാകുളം ഏറ്റെടുത്ത് പകരം കോഴിക്കോടാണ് കൊടുക്കുന്നതെങ്കില്‍ രമേശ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. പാലക്കാട് പരിഗണിക്കണമെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രനും. ആറ്റിങ്ങലിലേക്ക് ചര്‍ച്ചവന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ അവിടേക്കില്ല എന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
തൃശൂര് തുഷാറും പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയും മത്സരിച്ചാല്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശും കെ.സുരേന്ദ്രനും ഇത്തവണ സ്ഥാനാര്‍ഥികളാകില്ല. വി. മുരളീധരന്‍ പക്ഷക്കാരനായ സി. കൃഷ്ണകുമാര്‍ പാലക്കാട് ഏറക്കുറേ ഉറപ്പിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ കെ.സുരേന്ദ്രനും എം.ടി രമേശിനും പിന്നാലെ മൂന്നാമത്തെ ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും ഇത്തവണ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയില്ല.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ടോം വടക്കന്‍ എവിടെ സ്ഥാനാര്‍ഥിയായി വരും എന്നതും ആകാംക്ഷ ഉണര്‍ത്തുന്നു. ടോം വടക്കന്‍ ചാലക്കുടിയിലും കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും സ്ഥാനാര്‍ഥികളായാല്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ എവിടെ മത്സരിക്കുമെന്നതും ചോദ്യമായി നില്‍ക്കുന്നു. നാലാമത്തെ ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണന്‍ എറണാകുളത്ത് തന്നെ മത്സരിച്ചേക്കും. നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ കണ്ണന്താനം മത്സരിക്കുക എറണാകുളത്താകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ എ.എന്‍ രാധാകൃഷ്ണനും പട്ടികയ്ക്ക് പുറത്താകും
കൊല്ലത്ത് പരിഗണിക്കുന്നത് സി.വി ആനന്ദബോസിന്റെ പേരാണ്. കോഴിക്കോട് പലതവണ മത്സരിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ ഇത്തവണ കണ്ണൂരിലായിരിക്കും ജനവിധി തേടുക.
Leave a Comment