തേനീച്ചയുടെ കുത്തേറ്റ രണ്ടു യുവാക്കള്‍ ജലസംഭരണിയില്‍ ചാടി; പിന്നീട് സംഭവിച്ചത്…

ചാത്തന്നൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ സംഭരണിയില്‍ കയറിയ തൊഴിലാളികളെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചു. ആഴമേറിയ സംഭരണിയിലെ വെള്ളത്തില്‍ ഇറങ്ങിയ രണ്ടു തൊഴിലാളികളെ അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. തേനീച്ചകളുടെ കുത്തേറ്റ ചാത്തന്നൂര്‍ താഴം തെക്ക് അഭിജിത്ത് ഭവനില്‍ അഭിജിത്ത് (27), ചാത്തന്നൂര്‍ ശ്രീ രമ്യത്തില്‍ സുബിന്‍ (21), സാബു നിവാസില്‍ വിഷ്ണു (20) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടു നാലോടെ കാരംകോട് ആശുപത്രിക്കു സമീപത്തെ കൂറ്റന്‍ ജലസംഭരണിയിലാണു സംഭവം. ജലനിരപ്പ് അളക്കുന്ന സൂചി കേടായത് സൂചിക്കു പകരം സ്ഥാപിക്കാനാണു തൊഴിലാളികള്‍ സംഭരണിയില്‍ കയറിയത്. ഏകദേശം ആറു നില പൊക്കമുള്ള സംഭരണിയില്‍ കയറുന്നതിനുള്ള ഗോവണിയുടെ മുകള്‍ ഭാഗത്തോടു ചേര്‍ന്നു തേനീച്ചക്കൂട് ഉണ്ടായിരുന്നു. അഭിജിത്തും സുബിനും മുകളില്‍ എത്തിയപ്പോള്‍ തേനീച്ചകള്‍ ഇളകി. കുത്തേറ്റ ഇരുവരും പ്രാണരക്ഷാര്‍ഥം മുകളിലേക്ക് ഓടി. മാന്‍ഹോള്‍ തുറന്നു സംഭരണിയിലെ ഏണിയിലൂടെ വെള്ളത്തില്‍ ഇറങ്ങി മുങ്ങി നിന്നു. തേനീച്ചകള്‍ ഇളകി പറക്കുന്നതിനാല്‍ ഇരുവരും സംഭരണിക്കുള്ളില്‍ കുടുങ്ങി.

ഇതിനിടെ ഇരുവര്‍ക്കും ദേഹമാസകലം കുത്തേല്‍ക്കുകയും ചെയ്തു.സഹായി വിഷ്ണു താഴെ നില്‍ക്കുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ടു വിഷ്ണു മുകളിലേക്കു കയറിയെങ്കിലും തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചതോടെ സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെട്ടു. ഈ വീട്ടിലെ ഗൃഹനാഥനും തേനീച്ചയുടെ കുത്തേറ്റു. പരിസരമാകെ തേനീച്ചകള്‍ നിറഞ്ഞിരുന്നു.

പരവൂരില്‍ നിന്ന് അഗ്‌നിശമന സേന എത്തിയാണു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അലൂമിനിയം ജാക്കറ്റും മുഖംമൂടിയും ധരിച്ചു ഫയര്‍മാന്‍ അനസ് മുകളില്‍ കയറി. സംഭരണിയില്‍ അകപ്പെട്ട ഇരുവരെയും പ്രത്യേക ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ചു താഴെ എത്തിച്ചു. കൊല്ലത്തുനിന്ന് അഗ്‌നിശമന സേന യൂണിറ്റും എത്തി. സ്‌റ്റേഷന്‍ ഓഫിസര്‍ ഡി.ഉല്ലാസ്, ലീഡിങ് ഫയര്‍മാന്‍ സജു കുമാര്‍, ഫയര്‍മാന്‍മാരായ സലീഷ്, അഖില്‍, ജോസഫ്, ബാബു, നാദിര്‍ഷാ, അബാസ്, അശോകന്‍, ഷാജി, ഷിനു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

pathram:
Leave a Comment