തൊടുപുഴ: കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ഥിയെ മാറ്റിക്കൊണ്ടുള്ള ഒരു സമവായത്തിനും ഇല്ലെന്നു മാണി വിഭാഗം ആവര്‍ത്തിച്ചു. കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം)സ്ഥാനാര്‍ഥി തോമസ് ചാഴികാടനെ മാറ്റില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചര്‍ച്ചകള്‍ക്കു ശേഷമാണു സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. തലവേദനയ്ക്ക് തലവെട്ടി മാറ്റിക്കൊണ്ടാണോ പരിഹാരം? ചികില്‍സയല്ലെ വേണ്ടത്. ഇടുക്കി സീറ്റ് കൂടി ലഭിച്ചാല്‍ പി.ജെ. ജോസഫ് മത്സരിക്കും. അതോടെ പ്രശ്നം തീരും. തോമസ് ചാഴികാടന്‍ പ്രചാരണവുമായി മുന്നോട്ടു പോകും. കോട്ടയത്ത് പരാജയഭീതി ഇല്ല. പി.ജെ ജോസഫും അങ്ങിനെ പറഞ്ഞിട്ടില്ല. പ്രശ്ന പരിഹാരത്തിന് മുന്നണിയിലെ കക്ഷികള്‍ ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നും റോഷി തൊടുപുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം കോട്ടയം സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പി.ജെ. ജോസഫിനെ ഉള്‍ക്കൊണ്ടുള്ള പരിഹാരമാണ് വേണ്ടത്. യുഡിഎഫിന്റെ എല്ലാ സീറ്റുകളും വിജയിക്കാനുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും മോന്‍സ് പറഞ്ഞു.
പാര്‍ട്ടി വിശ്വാസിയാണു താന്നെും നാളെ വൈകിട്ടോടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് രാവിലെ വ്യക്തമാക്കിയിരുന്നു. പോസിറ്റീവായ തീരുമാനമുണ്ടാകുമെന്ന തരത്തിലാണു ഇതു വരെയുള്ള ചര്‍ച്ചകളെന്നും തൊടുപുഴ പുറപ്പുഴയിലെ വീട്ടില്‍ ജോസഫ് പറഞ്ഞു.
Leave a Comment