മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനാഘോഷത്തില്‍ കൊളംബിയ ഹൈറ്റ്‌സിലെ മദ്യവില്‍പനകേന്ദ്രത്തിന്റെ ഉടമ തന്റെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ വ്യത്യസ്തമായ സമ്മാനമാണ് ഒരുക്കിയത്. ആയിരം വൈന്‍ കുപ്പികളാണ് ജസ്പ്രീത് സിങ് ടണ്ഠന്‍ വനിതകള്‍ക്കായി മാറ്റി വെച്ചത്, അതും കുപ്പിയ്ക്ക് വെറും ഒരു സെന്റ്(cent) വിലയ്ക്ക്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വൈന്‍ വാങ്ങാനെത്തിയ സ്ത്രീകളുടെ നീണ്ട നിരയായിരുന്നു ജസ്പ്രീതിന്റെ കടയില്‍. സൗജന്യമായി മദ്യം നല്‍കാന്‍ നിയമം അനുവദിക്കാത്തതു കൊണ്ടാണ് കുപ്പിക്ക് ഒരു സെന്റ് വില ഈടാക്കിയതെന്ന് ജസ്പ്രീത് അറിയിച്ചു. സ്‌നേഹത്തിന്റെ പ്രതീകമായാണിത് ചെയ്യുന്നതെന്നും വരും കൊല്ലങ്ങളിലും ഇത് തുടരാനാഗ്രഹിക്കുന്നതായും ജസ്പ്രീത് കൂട്ടിച്ചേര്‍ത്തു.
ഓഫറിനെ കുറിച്ച് ജസ്പ്രീത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഗതി സത്യമാണോയെന്നറിയാന്‍ തുടരെയുള്ള ഫോണ്‍വിളികള്‍ കൊണ്ട് ജസ്പ്രീത് കുഴങ്ങി. വൈന്‍ വെറുതെ കൊടുക്കുകയാണോന്നറിയാന്‍ നിരവധി പേര്‍ വിളിച്ചുവെന്ന് ജസ്പ്രീത് പറയുന്നു. ഒരു പതിറ്റാണ്ട് മുമ്പ് പഞ്ചാബില്‍ നിന്ന് അമേരിക്കയിലെത്തിയ അന്‍പതുകാരനായ ജസ്പ്രീത് രണ്ട് കുട്ടികളുടെ പിതാവാണ്. വ്യാഴാഴ്ച രാത്രി പത്തൊമ്പതുകാരിയായ മകളോട് സംസാരിക്കുമ്പോള്‍ ജസ്പ്രീത് വൈന്‍ സമ്മാനത്തെ കുറിച്ച് പറഞ്ഞു. നിനക്കും നിന്നെപ്പോലെയുള്ള സുന്ദരികള്‍ക്കുമായി ഞാനിത് സമര്‍പ്പിക്കുന്നുവെന്ന് ജസ്പ്രീത് മകളോട് പറഞ്ഞു. സത്രീകള്‍ വനിതാദിനം ആഘോഷിക്കട്ടേയെന്ന് ജസ്പ്രീത് കൂട്ടിച്ചേര്‍ത്തു.
തന്റെ മൂത്ത നാല് സഹോദരികളേയും അമ്മയേയും പ്രത്യേകം ഓര്‍മിക്കുന്നതായി ജസ്പ്രീത് പറഞ്ഞു. തന്നെ പൊന്നുപോലെ നോക്കിയത് അമ്മയും സഹോദരിമാരും ആണെന്ന് ജസ്പ്രീത് ഓര്‍മിച്ചു. തന്റെ ജീവിതത്തില്‍ നന്മകള്‍ നിറച്ച എല്ലാ വനിതകള്‍ക്കും ജസ്പ്രീത് നന്ദി പറയുകയും ചെയ്തു.
വിദ്യാര്‍ഥിനികളുള്‍പ്പെടെ നിരവധി വനിതകളെത്തി ജസ്പ്രീതിന്റെ വനിതാദിന സമ്മാനം സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങിപ്പോയതായാണ് വിവരം. പലരും ജസ്പ്രീതിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുവെങ്കിലും വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
Leave a Comment