പിടിയിലായ ആദ്യ ദിവസം അഭിനന്ദന്‍ കടുത്ത പീഡനം അനുഭവിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ – പാക് പോരാട്ടത്തിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ കടുത്ത പീഡനം അനുഭവിച്ചതായി റിപ്പോര്‍ട്ട്. പിടിയിലായ ആദ്യ 24 മണിക്കൂറില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി അഭിനന്ദനെ പാക് സൈനികര്‍ മണിക്കൂറുകളോളം നിര്‍ത്തിച്ചു ഉച്ചത്തില്‍ പാട്ടുവെച്ച് ഉറങ്ങാനും അനുവദിച്ചില്ല. കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ല. അടിച്ചതായും സൂചനയുണ്ട്. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചതായാണറിയുന്നത്.

ശത്രുരാജ്യത്തിന്റെ പിടിയിലാവുന്ന സൈനികര്‍ ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും മിണ്ടരുതെന്നാണ് നിര്‍ദേശം. ആ സമയത്തിനുള്ളില്‍ റേഡിയോ ഫ്രീക്വന്‍സിയിലും സൈനികവിന്യാസത്തിലും മാറ്റംവരുത്താനാണിത്. വലിയ തോതിലുള്ള പീഡനത്തിനിരയായിട്ടും അഭിനന്ദന്‍ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു.

തടവിലുണ്ടായ 60 മണിക്കൂറില്‍ കുറച്ചുനേരംമാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ. ബാക്കിസമയം മുഴുവന്‍ കരസേനയുടെ കസ്റ്റഡിയിലായിരുന്നു. അഭിനന്ദനെ തടവിലാക്കിയതിനുനേരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇവരുടെ നിലപാടില്‍ അയവുവന്നത്. നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാന്‍ പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

നാലുസംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഡിബ്രീഫിങ് നടത്തുന്നത്. മിഗ് 21 വിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ചാടുന്നതിനിടയില്‍ പാക് പ്രദേശത്തേക്ക് പാകിസ്താന്റെ എഫ്16 വിമാനം വീഴുന്നതായി കണ്ടെന്ന് അഭിനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. മിഗിലുണ്ടായിരുന്ന അഭിനന്ദന്‍ പാക് വിമാനത്തിനുനേരെ ആര്‍ 73 മിസൈല്‍ പ്രയോഗിക്കുന്നതിനിടയില്‍ ഇരുവിമാനവും കൂട്ടിമുട്ടുകയായിരുന്നു. എന്നാല്‍, തങ്ങളുടെ എഫ്16 തകര്‍ന്നിട്ടില്ലെന്നാണ് പാകിസ്താന്‍ വാദിക്കുന്നത്. അമേരിക്കയില്‍നിന്ന് വാങ്ങിയിട്ടുള്ള എഫ്16 അതിര്‍ത്തികടന്നുള്ള ആക്രമണത്തിന് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുള്ളതാണ് പ്രധാന കാരണം.

ഫെബ്രുവരി 27ന് അതിര്‍ത്തികടന്നെത്തിയ പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് അഭിനന്ദന്‍ പ്രത്യാക്രമണം നടത്തിയത്. ഇതിനിടയിലാണ് വിമാനം തകര്‍ന്ന് പാക് അതിര്‍ത്തിയില്‍ വീണത്. മാര്‍ച്ച് ഒന്നിന് രാത്രിയോടെ അദ്ദേഹത്തെ പാകിസ്താന്‍ വിട്ടയയക്കുകയായിരുന്നു.

pathram:
Leave a Comment