വൈത്തിരി: വയനാട് ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ നീണ്ടു നിന്നതായി റിപ്പോര്‍ട്ട്. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ടയാള്‍ മാവോവാദി നേതാവ് സി.പി. ജലീലാണെന്നാണ് സൂചന. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പുലര്‍ച്ചയോടെ ലക്കിടിയിലേക്ക് കൂടുതല്‍ പോലീസ് സംഘമെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും വയനാട്ടിലെത്തിയിട്ടുണ്ട്. ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ആദ്യം മാവോവാദികളാണ് വെടിയുതിര്‍ത്തത്. നിലവില്‍ ആരും പോലീസിന്റെ കസ്റ്റഡിയില്‍ ഇല്ലെന്നും ഐജി. ബല്റാം ഉപാധ്യായ പറഞ്ഞു. മരിച്ചയാളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഐജി വ്യക്തമാക്കി.
മുപ്പതോളം വരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഇപ്പോഴും കാട്ടില്‍ തുടരുകയാണ്. റിസോര്‍ട്ടുലുള്ളവരോട് പണം ആവശ്യപ്പെട്ടെത്തിയ മാവോവാദി സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റിസോര്‍ട്ടിന് സമീപത്ത് തന്നെയാണ് സി.പി. ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഘം സമീപത്തെ കാട്ടിലേക്ക് ഓടിയൊളിക്കുന്നതിനിടെയാണ് വെടിയേറ്റത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശം പൂര്‍ണ്ണമായും പോലീസ് വലയത്തിലാണ്.
ബുധനാഴ്ച രാത്രി മാവോവാദികള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെ റിസോര്‍ട്ടിനു സമീപത്ത് മാവോവാദികള്‍ എത്തുകയും റിസോര്‍ട്ടിലുള്ളവരോട് പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ ഗതാഗതം സാധാരണ നിലയിലാണ്.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കുമുമ്പേ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
Leave a Comment