അധ്യാപകനെ മര്‍ദ്ദിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

കട്ടപ്പന: യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയത് ചോദ്യംചെയ്ത അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദനം. ചെവിക്ക് പരിക്കേറ്റ അധ്യാപകനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാക്കി. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുമളി പോലീസ് അറസ്റ്റുചെയ്തു.

കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭൂമിശാസ്ത്ര അധ്യാപകനായ എസ്.ജയദേവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയ വിദ്യാര്‍ഥി അബിന്‍ സുരേഷ് (18) അധ്യാപകരുടെ അനുവാദമില്ലാതെ ക്ലാസില്‍ കയറി.

ഈ സമയം ക്ലാസിലെത്തിയ ജയദേവ് സ്‌കൂള്‍ യൂണിഫോം ഇടാതെ വന്നതെന്താണെന്ന് ചോദിച്ചു. ഇതിനെ ചോദ്യംചെയ്ത് കയര്‍ത്തു സംസാരിച്ച വിദ്യാര്‍ഥിയോട് ക്ലാസില്‍നിന്ന് ഇറങ്ങിപ്പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. ക്ലാസിനു വെളിയിലേക്ക് അബിനെ ഇറക്കിവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ചെവി ചേര്‍ത്തുള്ള അടിയില്‍ അധ്യാപകന്‍ വീണു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഇരുമ്പിന്റെ വള ഉപയോഗിച്ച് അബിന്‍ അധ്യാപകന്റെ വയറിനിടിച്ചെന്നുമാണ് പരാതി.

കുട്ടികള്‍ ബഹളംവെച്ചതോടെ സ്റ്റാഫ് റൂമില്‍നിന്ന് ഓടിയെത്തിയ അധ്യാപകര്‍ അബിനെ പിടിച്ചുമാറ്റി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. അബിന്‍ സജീവ എസ്.എഫ്‌.െഎ. പ്രവര്‍ത്തകനാണെന്ന് അധ്യാപകര്‍ പറയുന്നു. എസ്.എഫ്‌.െഎ. ജില്ലാ നേതൃത്വം ഇത് നിഷേധിച്ചു.

അതേസമയം യൂണിഫോം ഇടാതെ വന്നതിന് തന്നെ ചീത്തവിളിച്ചെന്നും ‘ഈ സ്‌കൂളില്‍ നീയിനി പഠിക്കില്ലെ’ന്നു പറഞ്ഞ് വെല്ലുവിളിച്ചെന്നും അധ്യാപകര്‍ തന്നെ മര്‍ദിച്ചെന്നും അബിന്‍ പോലീസിനു മൊഴിനല്‍കി.

pathram:
Related Post
Leave a Comment