ദരിദ്രരായ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ; പദ്ധതിയുമായി പി.ജെ. ജോസഫ്

തൊടുപുഴ: ദാരിദ്ര്യം അനുഭവിക്കുന്ന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന കനിവ് പദ്ധതിയുമായി പിജെ ജോസഫ് എംഎല്‍എ. തൊടുപുഴയിലെ 1500 കിടപ്പ് രോഗികളില്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത 699 രോഗികള്‍ക്കാണ് പ്രയോജനം കിട്ടുകയെന്നും ഇതിനായി തന്റെ കുടുംബസ്വത്ത് ഉപയോഗപ്പെടുത്തുമെന്നും ജോസഫ് പറഞ്ഞു.

സുഖമില്ലാത്ത ഇളയമകന്‍ ജോക്കുട്ടനെന്നു വിളിക്കുന്ന ജോമോന്‍ ജോസഫിനു നീക്കിവെച്ച കുടുംബസ്വത്തില്‍നിന്നാണ് ഈ തുക ചെലവഴിക്കുന്നത്. 84 ലക്ഷം രൂപയുടെ സഹായമാണ് നല്‍കുന്നതെന്ന് പി.ജെ.ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയില്‍ സാന്ത്വനപരിചരണത്തിലുള്ള ഇവര്‍ക്കായി കനിവ് എന്നപേരിലാണ് പദ്ധതി. തൊടുപുഴ നിയോജകമണ്ഡലത്തില്‍ 1500-ലധികം കിടപ്പുരോഗികളുണ്ട്. ഇതില്‍ 699 രോഗികള്‍ ഒരുനേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്തവരാണെന്നു കണ്ടെത്തിയിരുന്നു.

പി.ജെ.ജോസഫ് ചെയര്‍മാനായ, ജോമോന്‍ ജോസഫ് ചാരിറ്റബില്‍ ട്രസ്റ്റാണ് ഇതിനു നേതൃത്വം നല്‍കുന്നത്. കുടുംബസ്വത്തുകൂടാതെ, ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകളിലൂടെയും പദ്ധതിക്കു തുക കണ്ടെത്തും. ആദ്യമാസം തുക രോഗികളുടെ വീടുകളില്‍ നേരിട്ടെത്തിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ബാങ്ക് അക്കൗണ്ടുവഴി നല്‍കും. ഒരുവര്‍ഷം കഴിയുമ്പോഴേക്കും പദ്ധതി സര്‍ക്കാരോ സമൂഹമോ ഏറ്റെടുത്തു തുടരുമെന്നാണു ജോസഫിന്റെ പ്രതീക്ഷ. ബുധനാഴ്ച മൂന്നിന് തൊടുപുഴ ടൗണ്‍പള്ളി പാരീഷ്ഹാളില്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

pathram:
Leave a Comment