സ്വാഗത പ്രസംഗം നീണ്ടു; മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിട്ടു

കൊല്ലം: സ്വാഗത പ്രസംഗം നീണ്ടതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ വേദി വിട്ടു. പിന്നീട് കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചില്ല. തുടര്‍ച്ചയായ പരിപാടികള്‍ കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പ്രസംഗം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ സ്വാഗത പ്രസംഗം നീണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി എഴുന്നേറ്റു. പഞ്ചായത്ത് പ്രസിഡന്റിനെ അടുത്തേക്ക് വിളിച്ച മുഖ്യമന്ത്രി ഗൗരവത്തില്‍ ചിലത് സംസാരിച്ചു. പിന്നീട് നിലവിളക്ക് കത്തിച്ച ശേഷം അധ്യക്ഷ പ്രസംഗം നടത്തിയ ആരോഗ്യമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി വേദി വിട്ടിറങ്ങി പോവുകയായിരുന്നു.

ജില്ലാ ആശുപത്രിക്ക് പുറമേ കശുവണ്ടി മേഖലയിലെ പുനര്‍വായ്പാ വിതരണം ലൈഫ് പദ്ധതിയുടെ താക്കോല്‍ വിതരണം കശുവണ്ടി കോര്‍പ്പറേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം, എന്‍എസ് പഠന കേന്ദ്ര ശിലാസ്ഥാപനം എന്നീ സ്ഥലങ്ങളിലെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. ഇന്നലെ ആലപ്പുഴയിലും തിരുവനന്തപുരത്തുമായി ഒന്‍പത് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

pathram:
Related Post
Leave a Comment