മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ചില പൊടിക്കൈകള്‍

ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ നമ്മള്‍ എന്തുവേണെലും ചെയ്യും. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്. വര്‍ധിച്ച അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും ബ്ലാക്ക് ഹെഡ്‌സിന് കാരണമാകുന്നുണ്ട്. മുഖത്ത് മാത്രമല്ല മുതുകിലും നെഞ്ചത്തും കൈകളിലുമൊക്കെ ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാവാം.

ബ്ലാക്ക് ഹെഡ്‌സിനെ തുരത്താനുള്ള ക്രീമുകളും ജെല്ലുകളും ലഭ്യമാണ്. ഒന്നുശ്രമിച്ചാല്‍ ചില പൊടിക്കൈകള്‍ കൊണ്ടുതന്നെ ഇതിനെ ഒഴിവാക്കാം. മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കുക. മേക്കപ്പ് പൂര്‍ണമായി തുടച്ചുകളയുന്നു എന്ന് എപ്പോഴും ഉറപ്പുവരുത്തുക.

വിരല്‍ കൊണ്ട് ഞെക്കി ബ്ലാക്ക് ഹെഡ്‌സ് പുറത്തെടുക്കാന്‍ ശ്രമിക്കരുത്. അത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ആഴ്ചയില്‍ രണ്ടുതവണ സ്‌ക്രബ് ചെയ്യുക.

ഒരു ടേബിള്‍ സ്പൂണ്‍ വീതം തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്ത് പതുക്കെ ഉരയ്ക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.
ഒരു ടേബിള്‍ സ്പൂണ്‍ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേര്‍ത്ത് മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും ഫലം ചെയ്യും.
പാല്‍കൊണ്ട് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്.
ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍വാഴയുടെ നീര് പുരട്ടി പത്ത് മിനിട്ട് വെക്കുന്നതും ബ്ലാക് ഹെഡ്‌സ് അകറ്റാന്‍ നല്ലതാണ്.

pathram:
Related Post
Leave a Comment