കൊലയല്ല, കലയാണ് രാഷ്ട്രീയം..!!! സി.പി.എമ്മിനെ ഓര്‍മ്മിപ്പിച്ച് കെ.ആര്‍. മീര

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമെന്നു എഴുത്തുകാരി കെ ആര്‍ മീര. കാസര്‍ക്കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ ആര്‍ മീര.

രാഷ്ട്രീ കൊലപാതകങ്ങളുടെ ഇരയാവുന്നവര്‍ ഓരോ നരഹത്യയിലും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുമെന്നും കെ ആര്‍ മീര കുറിച്ചു. പത്രപ്രവര്‍ത്തകയായിരുന്ന കാലത്ത് 1999 കണ്ണൂരില്‍ കൊലചെയ്യപ്പെട്ട അന്നത്തെ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ജയകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ റിപ്പോര്‍ട്ടിങ്ങിനു പോയ സംഭവവും അവര്‍ പങ്കുവെച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

പാനൂരില്‍, 1999ല്‍, ചലച്ചിത്ര താരങ്ങളുടെ ഉപവാസം നടന്ന ദിവസമാണ് ഞാന്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ എത്തിയത്.

അന്നു ജോലി ചെയ്തിരുന്ന മലയാള മനോരമ പത്രത്തിനുവേണ്ടി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി അന്വേഷണ പരമ്പര തയ്യാറാക്കാന്‍ പോയതായിരുന്നു.

ഈസ്റ്റ് മൊകേരി യു.പി. സ്‌കൂളില്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ മുഖം മൂടിക്കെട്ടി ഇരമ്പിക്കയറി ചെന്ന എട്ടു പേര്‍ വെട്ടിക്കൊന്നതാണു യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ജയകൃഷ്ണന്‍ മാസ്റ്ററെ.

മൊകേരി മാക്കൂല്‍പീടികയില്‍ നാട്ടിടവഴിയുടെ ഓരത്ത് ചുറ്റുമതിലില്ലാത്ത ഓടിട്ട രണ്ടു നില വീട് അതിനെ അന്നു ചൂഴ്ന്നു നിന്ന ഭയാനകമായ മൂകതയോടു കൂടി ഇപ്പോഴും മനസ്സിലുണ്ട്. അകത്തെ മുറിയില്‍ ഒരു ചെറിയ കട്ടിലില്‍ കിടക്കുകയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുടെ നീറിപ്പുകയുന്ന ഭാവമുള്ള മുഖം കണ്‍മുമ്പിലുണ്ട്.

പത്രപ്രവര്‍ത്തകയുടെ ഗതികേടില്‍ ഞാന്‍ അവരെക്കൊണ്ടു സംസാരിപ്പിക്കാന്‍ ശ്രമിച്ചു. ”ഇന്റെ കുട്ടി പോയീലോ, കൊത്തീം നുറുക്കീം ഓനെ കൊന്നൂലോ” എന്നു പറഞ്ഞ് അവര്‍ കരഞ്ഞു. അപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരന്‍ കടന്നു വരികയും പോക്കറ്റ് റിക്കോര്‍ഡര്‍ തട്ടിപ്പറിച്ച് അതിന്റെ കാസറ്റ് വലിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ആ ചെറുപ്പക്കാരന്റെ അരക്ഷിതാവസ്ഥ പറയാതെ മനസ്സിലാക്കാവുന്നതായിരുന്നു. ആദ്യം ക്ഷോഭിച്ചെങ്കിലും പിന്നീട് ജയചന്ദ്രന്‍ ശാന്തനായി. ഞങ്ങള്‍ സൗഹൃദത്തിലാണു പിരിഞ്ഞത്.

ആ വീട്ടില്‍നിന്നു വിളിപ്പാടകലെയായിരുന്നു സി.പി.എമ്മുകാരനായ കൃഷ്ണന്‍ നായര്‍ എന്ന മാഷിന്റെ വീട്. അവിടെ ചെന്നു കയറുമ്പോള്‍ കേട്ടത് തളര്‍ന്ന സ്വരത്തിലുള്ള ”കൃഷ്ണാ നീയെന്താടാ ഇന്റടുത്തു വന്നിരിക്കാത്ത്, ഇന്നോടൊന്നും പറയാത്ത്” എന്ന ചോദ്യമായിരുന്നു. നൂറു തികയാറായ, കാഴ്ച പാടെ മങ്ങിയ ഒരമ്മ. ”കൃഷ്ണാ, കൃഷ്ണാ നിനക്കെന്താടാ അമ്മോടു പിണക്കം, എന്താടാ നീയെന്റെ അടുത്തു വന്നിരിക്കാത്ത്? ഒന്നു വന്നിരിക്കെടാ, അമ്മോട് എന്തെങ്കിലും മിണ്ടെടാ” എന്നു ചിലമ്പിയ ശബ്ദത്തില്‍ യാചിച്ചു കൊണ്ടു കിടക്കുന്നു.

അന്നു കൃഷ്ണന്‍നായരുടെ ഭാര്യ പത്മാവതി പറഞ്ഞു : തൊട്ടുമുമ്പിലിട്ടാണ് അമ്മയുടെ കൃഷ്ണനെ അവര്‍ വെട്ടിക്കൊന്നത്. ആരോ വന്നു, എന്തോ സംഭവിച്ചു. അത്രയേ അമ്മയ്ക്ക് അറിയൂ.

വന്നവര്‍ അമ്മയെ കട്ടിലില്‍നിന്ന് തൂക്കി നിലത്തെറിഞ്ഞു. തടയാന്‍ ചെന്ന പത്മാവതി ടീച്ചറെയും മകളെയും ആയുധവുമായി പിന്നാലെ ചെന്നു വിരട്ടിയോടിച്ചു. മുറ്റത്തിറങ്ങി വിളിച്ചു കൂവിയിട്ടും ആരും സഹായത്തിനെത്തിയില്ല.

ജയകൃഷ്ണന്‍ മാസ്റ്ററും കൃഷ്ണന്‍നായരും അയല്‍ക്കാരായിരുന്നു. കുടുംബസുഹൃത്തുക്കളായിരുന്നു. ഒരു വീട്ടില്‍നിന്നാണ് മറ്റേ വീട്ടിലേക്കു പാല്‍ വാങ്ങിയിരുന്നത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ മരണാനന്തര ചടങ്ങുകളില്‍ കൃഷ്ണന്‍ നായര്‍ പങ്കെടുത്തിരുന്നു. അവിടെനിന്നു വന്നു തളര്‍ന്നിരിക്കുമ്പോഴാണ് വീടിന്റെ പിന്‍വശത്തുകൂടി അക്രമികള്‍ കടന്നു വന്നതും കൊല നടത്തിയതും.

അന്ന്, ഇരുപക്ഷത്തും കൊല്ലപ്പെട്ടവരുടെ വീടുകളില്‍ കയറിയിറങ്ങി എന്റെ കാലുകളില്‍ നീരുകെട്ടി. ഓരോ കൊലപാതക വര്‍ണനയും ഹൃദയത്തെ കൂടുതല്‍ കൂടുതല്‍ മരവിപ്പിച്ചു.

മറ്റൊരു മനുഷ്യനെ ആലോചിച്ചുറപ്പിച്ചു കൊല്ലാനും കൂട്ടം ചേര്‍ന്നു കൊല്ലാനും സാധാരണ മനുഷ്യര്‍ക്കു മന:പ്രയാസമില്ലാത്ത ആ നിമിഷത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.

അങ്ങനെ കൊല്ലുന്നത് വെറുതെ കൊല്ലാന്‍ വേണ്ടിയല്ല. അത് അധികാര സംസ്ഥാപനത്തിന്റെ അനിവാര്യമായ അനുഷ്ഠാനമാണ്.

അതുകൊണ്ടാണ് ഇത്രയേറെ മുറിവുകള്‍. ഇത്രയേറെ ക്രൂരത.

അതുകൊണ്ടാണ് രണ്ടു പക്ഷത്തും കൊല്ലപ്പെടുന്നവര്‍ ഒരേ തരക്കാരാകുന്നത് ഒന്നോ രണ്ടോ പേര്‍ ഒഴികെ, എല്ലാവരും ദരിദ്രര്‍. കൂട്ടം ചേര്‍ന്നു നില്‍ക്കുമ്പോഴൊഴികെ ദുര്‍ബലരായവര്‍.

ടി.പി. ചന്ദ്രശേഖരന്‍ എന്ന പേര് ആദ്യമായി കേട്ടതും ആ ദിവസങ്ങളിലാണ്.

ചന്ദ്രശേഖരന്‍ അന്നു സി.പി.എമ്മിന്റെ വിശ്വസ്തനായ പ്രവര്‍ത്തകനായിരുന്നു. ഞാന്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചപ്പോഴേക്കു ടി.പി. ചന്ദ്രശേഖരനും പാര്‍ട്ടിയും തമ്മില്‍ പിണങ്ങി. പില്‍ക്കാലത്ത്, അദ്ദേഹം സി.പി.എമ്മുകാരായ പ്രതികളുടെ അമ്പത്തൊന്നു വെട്ടുകളാല്‍ കൊല്ലപ്പെട്ടു.

രണ്ടായിരത്തിപ്പതിനാറിലെ സാംബശിവന്‍ സ്മാരക അവാര്‍ഡ് ദാനച്ചടങ്ങു കണ്ണൂരില്‍ വച്ചു നടത്തുമ്പോള്‍ ഞാന്‍ കണ്ണൂരിലേക്കുള്ള ആദ്യ യാത്രകളെ അനുസ്മരിച്ചു. യോഗത്തില്‍ സി.പി.എം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതാക്കളായ എം.വി. ജയരാജനും പി. ജയരാജനും പങ്കെടുത്തിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു.

അവാര്‍ഡ് സ്വീകരിച്ചു കൊണ്ടും വി. സാംബശിവനെ അനുസ്മരിച്ചു കൊണ്ടുമുള്ള പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു: ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത് നാടകവും കഥാപ്രസംഗവും സംഗീതവും ആയുധങ്ങളാക്കിക്കൊണ്ടാണ്. എന്നു മുതല്‍ നാടകവും കഥാപ്രസംഗവും സംഗീതവുമൊക്കെ ഉപേക്ഷിച്ചു പകരം വടിവാളും ബോംബും കയ്യിലെടുത്തോ അന്നു മുതല്‍ പാര്‍ട്ടിയുടെ അപചയം ആരംഭിച്ചു. വാടിവാള്‍ താഴെയിട്ടു പകരം നാടകവും സംഗീതവും സിനിമയുമൊക്കെ വീണ്ടും ആയുധങ്ങളാകുന്ന കാലത്തേ പാര്‍ട്ടിക്കു രക്ഷയുള്ളൂ.’

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം.

സി.പി.എം ആയാലും ആര്‍.എസ്.എസ്. ആയാലും ലീഗ് ആയാലും ആര്‍.എം.പി. ആയാലും കോണ്‍ഗ്രസ് ആയാലും കൊല്ലപ്പെട്ടവര്‍ മരിക്കുന്നില്ല.

അമ്മയുടെ, അനിയന്റെ, അനിയത്തിയുടെ, ഭാര്യയുടെ, മക്കളുടെ, കൊലപാതകത്തിനു സാക്ഷ്യം വഹിച്ച മറ്റു മനുഷ്യരുടെ പേടിസ്വപ്നങ്ങളില്‍ അവരുടെ മരണനിലവിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കും.

ഓരോ നരഹത്യയിലും അവര്‍ ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കും.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായ രണ്ടു യുവാക്കളുടെ കൊലപാതകം 1999ല്‍ കണ്ട കണ്ണുനീര്‍ വറ്റാത്ത മരവിച്ച മുഖങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ഒപ്പം, രണ്ടു വര്‍ഷം മുമ്പുള്ള ഡിസംബര്‍ ഒന്നിന് കോട്ടയം പട്ടണത്തില്‍ ബലിദാന ദിനവുമായി ബന്ധപ്പെട്ടു കണ്ട ഫ്‌ളെക്‌സും.

ആ ഫ്‌ളെക്‌സില്‍ രണ്ടു വലിയ മുഖങ്ങളുണ്ടായിരുന്നു ടി.പി. ചന്ദ്രശേഖരന്റെയും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെയും.

ജീവിച്ചിരുന്ന കാലത്തെ രാഷ്ട്രീയ വൈരം അപ്രസക്തമാക്കി ഒരേ എതിരാളികളുടെ കൈകളാല്‍ മരണം വരിച്ച കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററും ടി.പി. ചന്ദ്രശേഖരനും ഒരേ ഫ്‌ളെക്‌സിലിരുന്ന് ഒരേ നിര്‍വികാരതയോടെ ലോകത്തെ നോക്കുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് ഞാന്‍ പഠിച്ച ഏറ്റവും വലിയ ഗുണപാഠകഥ ആ ഫ്‌ളെക്‌സ് തന്നെയാണ്.

രണ്ടാം നവോത്ഥാന കാലത്ത്, സി.പി.എമ്മിനെ ഓര്‍മ്മിപ്പിക്കാനുള്ളതും ഈ കഥ തന്നെയാണ്.

കാസര്‍കോട്ട് തുരുതുരാ വെട്ടു കൊണ്ടു മരിച്ചവര്‍ക്കും അവരുടെ ഉറ്റവരുടെ എന്നേക്കുമായി മാഞ്ഞു പോയ ഗാഢനിദ്രയ്ക്കും നിത്യശാന്തി.

pathram:
Leave a Comment