ഒരുവര്‍ഷത്തിലേറെയായി 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവതിക്കെതിരേ കേസെടുത്തു

ഒമ്പതുവയസ്സുകാരനെ ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്കെതിരേ പൊലീസ് കേസെടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് തേഞ്ഞിപ്പാലം പോലീസാണ് 36 കാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പീഡിപ്പിച്ച യുവതി. കുട്ടിയുടെ വീടിനുസമീപം തന്നെയാണ് ഇവരും താമസിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തതായി തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു.

ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ മലപ്പുറം കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു.

ചൈല്‍ഡ് ലൈന്റെ പരാതിയലിലാണ് പ്രാഥമികമായി കേസെടുത്തിട്ടുള്ളതെന്ന് തേഞ്ഞിപ്പാലം എസ്.ഐ ബിനു തോമസ് പറഞ്ഞു. മറ്റ് വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരയായ കുട്ടിയുടെ കുടുംബവും യുവതിയുടെ കുടുംബവും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരാതിക്ക് പിന്നില്‍ കുടുംബ വഴക്കാണോയെന്നും അന്വേഷിക്കുമെന്ന് എസ്.ഐ വ്യക്തമാക്കി.

pathram:
Related Post
Leave a Comment