രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

പട്‌ന: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെ, രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിഹാറില്‍ പ്രതിപക്ഷഐക്യനിര ഒരുക്കിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. റഫേല്‍ കരാറിലെ മാറ്റങ്ങളെക്കുറിച്ച് മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് അറിവുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, കശ്മീരിലെ എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങി പല നേതാക്കളും രാഹുലിനെ പിന്തുണച്ച രംഗത്തുവന്നുകഴിഞ്ഞു. പട്‌നയില്‍ നടന്ന റാലിയില്‍ പ്രസംഗിക്കവെ ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇതേ ആവശ്യം ഉന്നയിച്ചു. നേരത്തെ പ്രതിപക്ഷത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് പലപ്പോഴും തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയിലെ മഹാറാലിയില്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളെ കോണ്‍ഗ്രസ് മതിയായ രീതിയില്‍ പരിഗണിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
പൊതുതിരഞ്ഞെടുപ്പ് വേളയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാല്‍ പ്രതികാരം ചെയ്യുകയാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. സിബിഐ, ഇഡി, മറ്റു അന്വേഷണ ഏജന്‍സികള്‍ എന്നിവരെ ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. നുണയുടെ മൊത്ത വ്യാപാരിയാണ് മോദിയെന്നും തേജസ്വി പരിഹസിച്ചു.
ലാലു പ്രസാദ് യാദവിനെ പലപ്പോഴും കുറ്റപ്പെടുത്തിയ വ്യക്തിയാണ് മോദി. എന്നാല്‍ ലാലുവിനെ ജനങ്ങളുടെ മനസില്‍ നിന്ന് നീക്കാന്‍ മോദിക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണ്. പ്രധാനമന്ത്രി പദം ഏറ്റെടുത്താല്‍ രാഹുല്‍ ഗാന്ധി ബിഹാറിനെ പരിഗണിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു

pathram:
Leave a Comment