ആലത്തൂരില്‍ വിജയനെയോ വിനായകനെയും മത്സരിപ്പിക്കാന്‍ നീക്കം

പാലക്കാട് /ആലത്തൂര്‍: ആലത്തൂരില്‍ യുഡിഎഫ് സാധ്യതയുണ്ടാക്കാന്‍ രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള ആളെ തേടി കോണ്‍ഗ്രസ്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് വെറുതെ എഴുതിവെച്ചാല്‍ പോലും ജയിക്കുന്ന മണ്ഡലമാണ് ആലത്തൂര്‍. കെ ആര്‍ നാരായണന് ശേഷം ആലത്തൂരില്‍ ഇതുവരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഈ അപമാനം മറികടക്കാന്‍ കോണ്‍ഗ്രസ് അനുഭാവികളും സജീവരാഷ്ട്രീയത്തില്‍ ഇല്ലാത്തയാളുമായ മികച്ച വ്യക്തിത്വത്തെ കണ്ടെത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം എത്തി നില്‍ക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും സിനിമാ നടന്‍ വിനായകനുമാണ്.
സിപിഎമ്മിന്റെ കാര്യത്തില്‍ സ്ഥാനാര്‍ത്ഥി ഒരു വിഷയമേ അല്ലാത്ത ആലത്തൂരില്‍ രണ്ടു തവണ തുടര്‍ച്ചയായി ഇവിടെ നിന്നും ജയിച്ച പി കെ ബിജുവിനെ മാറ്റി പരീക്ഷിക്കാന്‍ സിപിഎം തയ്യാറാകുന്ന സ്ഥിതിക്ക് പേരും പെരുമയും ഉള്ള ആള്‍ക്കാരെ എതിരേ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കാമെന്നാണ് കരുതുന്നത്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം വിനായകനെയും വിജയനെയും സമീപിച്ചിട്ടുള്ളതായിട്ടാണ് വാര്‍ത്തകള്‍. മത്സരിക്കാനുള്ള സാധ്യതതേടി കോണ്‍ഗ്രസ് ആദ്യം സമീപിച്ചത് ഐഎം വിജയനെ ആയിരുന്നു. എന്നല്‍ താരം ആവശ്യം നിരസിക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
വിജയനുമായി തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം പല തവണ കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ച നടത്തുകയും ഒക്കെ ചെയ്തിട്ടും താരം അടുത്തിട്ടില്ല. ഇതാണ് സ്‌പോര്‍ട്‌സ് വിട്ട് സിനിമയില്‍ പിടിക്കാന്‍ കാരണമായത്. തൃശൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടന്‍ വിനായകനെയാണ് സമീപിച്ചിട്ടുണ്ടെന്നാാണ് വിവരം. കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരുമായ ഒട്ടേറെ സിനിമാക്കാര്‍ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംവരണ മണ്ഡലം ആയതിനാലാണ് കോണ്‍ഗ്രസ് വലയുന്നത്. അതേസമയം തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ആളാണ് വിനായകന്‍.
സിപിഎമ്മിന് വ്യക്തമായ മുന്‍തൂക്കമുള്ള ആലത്തൂരില്‍ രണ്ടു തവണ ജയിച്ച പികെ ബിജുവിനെ ഇത്തവണ ഉപയോഗിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ജയിച്ചു കഴിഞ്ഞാല്‍ പിന്നെ ബിജുവിനെ മണ്ഡലത്തില്‍ കാണാന്‍ കിട്ടില്ലെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. അതേസമയം രണ്ടാം തവണ മത്സരിച്ചപ്പോള്‍ ആദ്യത്തെ ഭൂരിപക്ഷത്തിനൊപ്പം 17,000 അധികം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ എംപിയായവരെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനത്തിന് കീഴില്‍ പി കെ ബിജുവിനെ മാറ്റി നിര്‍ത്തിയേക്കുമെന്നു സൂചനയുണ്ട്. പകരമായി സിപിഎം കാണുന്നത് ചേലക്കര സ്വദേശിയായ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെയാണ്. രാഷ്ട്രീയത്തിന് പുറത്തെ ബന്ധങ്ങളും മികച്ച പ്രതിച്ഛായയും രാധാകൃഷ്ണന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടില്‍ രാധാകൃഷ്ണന്‍ എത്തുകയൂം ചെയ്തിരിക്കുകയാണ്.

pathram:
Leave a Comment