രവി പൂജാരി അറസ്റ്റില്‍

ബംഗളൂരു: ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചുള്ള അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ കേസുണ്ട്.

പതിനഞ്ചു വര്‍ഷത്തോളമായി ഒളിവിലാണ്. ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. മുബൈയിലെ ചെമ്പൂരില്‍ നിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജന്‍ സംഘാംഗമാണു പൂജാരിയെ സംഘത്തിലെത്തിച്ചത്. 1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. അതിന് ശേഷം രവി പൂജാരി ഹോട്ടല്‍ ഉടമകളില്‍ നിന്നു ഹഫ്ത പിരിവു പതിവാക്കി. 2000ല്‍ ഛോട്ടാരാജന്‍ ബാങ്കോക്കില്‍ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേര്‍ന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു.

2007ല്‍ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിനെയും 2009ല്‍ നിര്‍മ്മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി പൂജാരി ഭീഷണിപ്പെടുത്തി. ഈ വര്‍ഷം ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു.

തന്റെ ഓപ്പറേഷനുകളെല്ലാം പൂജാരി നിയന്ത്രിക്കുന്നത് ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചാണെന്നായിരുന്നു സൂചന. ഒരു ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുപോലും പൂജാരിക്ക് സ്വന്തമായുണ്ട്. ഇതിനിടയിലാണ് പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായെന്ന് സൂചന ലഭിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment