ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പദ്ധതികളുണ്ടാകുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ജനപ്രിയ പദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കാത്തത് വിവാദമായി. സാധാരണയായി ബജറ്റിന് തലേദിവസം സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്. 14 ദിവസങ്ങളിലായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്.

അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തിലാണ് റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ തന്റെ കന്നി ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റിന് അവസാന രൂപം നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നല്‍കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ച 6.7നേക്കാള്‍ അര ശതമാനം കൂടി 7.2 ആയെന്ന കണക്കുകള്‍ വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തുവിട്ടു. ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന.

വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം. ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്ലുകളും പാര്‍ലമെന്റിലെത്തും. ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്‍, ആധാര്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്.

pathram:
Related Post
Leave a Comment