പ്രധാനമന്ത്രി കൊച്ചിയിലെത്തി; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല

കൊച്ചി: രണ്ട് പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് രാജഗിരി കോളജ് മൈതാനത്തേക്ക് പോയ പ്രധാനമന്ത്രി. കൊച്ചിന്‍ റിഫൈനറിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേര്‍ന്നു. കൊച്ചിയിലെ പരിപാടിക്ക് ശേഷം തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി യുവമോര്‍ച്ചയുടെ സമ്മേളനം ഉദ്ഘാനം ചെയ്യും.

അതേസമയം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. കണ്ണൂരില്‍ നിന്ന് എത്താന്‍ വൈകിയതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖഖ്യമന്ത്രി വിമാനത്താവളത്തില്‍ സ്വീകരിക്കാതിരുന്നത്. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കൊച്ചി മേയര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

കൊച്ചിയിലേക്ക് പുറപ്പെടുന്നതിനായി പിണറായി വിമാനത്തില്‍ കയറിയിരുന്നു. പക്ഷേ വിമാനം പറന്നുയരാനായില്ല. തുടര്‍ന്ന് കൊച്ചിയില്‍നിന്ന് മറ്റൊരു വിമാനമെത്തിച്ചാണ് മുഖ്യമന്ത്രിക്ക് യാത്രാ സൗകര്യമൊരുക്കിയത്. വിമാനം വൈകിയെങ്കിലും പ്രധാനമന്ത്രിയുടെ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കൊച്ചിയിലെ വേദിയിലെത്തി.

വിമാനത്തിന് യന്ത്രത്തകരാറുണ്ടായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ചടങ്ങിനെത്താന്‍ വൈകിയേക്കുമെന്നും സൂചന നല്‍കിയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.

യന്ത്രത്തകരാറുമൂലം മുഖ്യമന്ത്രിയുടെ വിമാനം തിരിച്ചിറക്കിയെന്ന റിപ്പോര്‍ട്ടാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ വിമാനത്തിന് പറന്നുയരാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ 11.30 ഓടെ കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക് തിരിക്കാനാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്. കണ്ണൂരില്‍ രണ്ട് ചടങ്ങുകളില്‍ പങ്കെടുത്തശേഷം കൊച്ചിയിലേക്ക് പോകാനായിരുന്നു നീക്കം. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പ്രസംഗം വെട്ടിച്ചുരുക്കി കൊച്ചിയിലേക്ക് നേരത്തെതന്നെ തിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാല്‍, വിമാനത്തിന് തകരാറുണ്ടായത് തിരിച്ചടിയായി.

തുടര്‍ന്ന്‌ ബി.പി.സി.എല്ലിലെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്റ്റ് (ഐ.ആര്‍.ഇ.പി) പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബി.പി.സി.എല്ലില്‍ നടന്ന ചടങ്ങിലാണ് ഐ.ആര്‍.ഇ.പി നാടിന് സമര്‍പ്പിച്ചത്. എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി, ഏറ്റുമാനൂര്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപന ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ ജോലി ചെയ്ത തൊഴിലാളികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരാണ് യഥാര്‍ത്ഥ നായകരെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐ.ആര്‍.ഇ.പി പദ്ധതി കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും സംസ്ഥാനത്തിന്റെ േെപെട്രാ കെമിക്കല്‍ പാര്‍ക്ക് ഇതിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി.എല്ലിന്റെ പദ്ധതികള്‍ക്ക് സംസ്ഥാനം എല്ലാ പിന്തുണയും നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലവും നികുതിയിളവും സംസ്ഥാനം നല്‍കി. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി വിമാനത്തിന്റെ സാങ്കേതികത തകരാറിനെ തുടര്‍ന്ന് വൈകിയാണ് ഉദ്ഘാടന വേദിയില്‍ എത്തിയത്. ഗവര്‍ണ്‍ര്‍ പി. സദാശിവം, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, ധര്‍മ്മേന്ദ്ര പ്രധാന്‍, മന്ത്രി വി.എസ് സുനില്‍ കുമാര്‍, കെ.വി തോമസ് എം.പി, വി.പി സജീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

pathram:
Leave a Comment