ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു

ചാവക്കാട്: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിനെയും കാമുകനെയും ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. അകലാട് കാട്ടിലെ പള്ളിക്ക് സമീപം കല്ലുവളപ്പില്‍ അലി(54)യെയും പെണ്‍കുട്ടിയുടെ മാതാവായ 33-കാരിയെയുമാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചതിനും പ്രേരണക്കുറ്റത്തിനുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പെണ്‍കുട്ടിയുടെ മാതാവിനെ ചാവക്കാടിനടുത്ത് എടക്കഴിയൂരിലേക്കാണ് വിവാഹം ചെയ്തിട്ടുള്ളത്. വിവാഹത്തിനുശേഷം അലിയുമായി യുവതി അടുപ്പത്തിലായി. ഒമ്പതു വര്‍ഷമായി തുടരുന്ന ബന്ധം കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിടികൂടിയത്. പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും തന്നെ പീഡിപ്പിച്ച വിവരമൊന്നും കുട്ടി പറഞ്ഞിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി സംസാരിച്ചപ്പോഴാണ് രണ്ടു വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.

വിവരം പുറത്തു പറയരുതെന്നും ആരെങ്കിലും അറിഞ്ഞാല്‍ നമ്മള്‍ രണ്ടുപേരെയും ഇയാള്‍ കൊല്ലുമെന്നും മാതാവ് പറഞ്ഞിരുന്നതായും കുട്ടി മൊഴിനല്‍കി. അകലാട് പച്ചക്കറിക്കട നടത്തുന്ന അലി യുവതിയുടെയും മകളുടേതുമായി 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങള്‍ അകലാട്ടുള്ള ഒരു സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. രണ്ടു വിവാഹങ്ങളിലായി അലിക്ക് അഞ്ചു മക്കളുമുണ്ട്. എസ്.ഐ. മാരായ കെ.ജി. ജയപ്രദീപ്, കെ.വി. മാധവന്‍, എ.എസ്.ഐ. അനില്‍ മാത്യു, വനിതാ സി.പി.ഒ. വീരജ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ട്. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അടുത്ത ദിവസം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

pathram:
Related Post
Leave a Comment