തീരമേഖല നിര്‍മ്മാണപ്രവൃത്തികള്‍ക്ക് വന്‍ ഇളവ്

കൊച്ചി: തീരമേഖലയില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതിനുള്ള വിലക്കുകളില്‍ വലിയരീതിയില്‍ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. വികസനപ്രവൃത്തി നിരോധിക്കപ്പെട്ട സി.ആര്‍.ഇസഡ് രണ്ട്, മൂന്ന് വിഭാഗത്തില്‍വരുന്ന മേഖലയില്‍ നിയന്ത്രണത്തിന് വിധേയമായി ടൂറിസം പദ്ധതികള്‍, റിസോര്‍ട്ട് പദ്ധതികള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കും. ലക്ഷദ്വീപിലെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച രൂപരേഖപോലെ ദ്വീപുകളിലെ നിര്‍മ്മാണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ ചട്ടവും മാര്‍ഗരേഖയുമുണ്ടാക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിക്കുന്നു. വന്‍തോതില്‍ ഇളവുകള്‍ അനുവദിക്കുന്നതാണ് പുതിയ സി.ആര്‍.ഇസഡ് ചട്ടമെങ്കിലും ഇത് നടപ്പാകണമെങ്കില്‍ പുതിയ വിജ്ഞാപനപ്രകാരമുള്ള തീരപരിപാലനമേഖലാ ഭൂപടം അംഗീകരിക്കണം. പൊതുജനങ്ങളുടെ അഭിപ്രായംകൂടി കേട്ടശേഷമെ ഇതിന് അംഗീകാരം ലഭിക്കൂ. 2011ലെ തീരപരിപാലന മേഖലാ വിജ്ഞാപനമനുസരിച്ചുള്ള ഭൂപടം ഇനിയും അംഗീകരിച്ചിട്ടില്ല.

സി.ആര്‍.ഇസഡ് ഒന്നാം പട്ടികയില്‍ വരുന്ന കണ്ടല്‍ക്കാട് മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി പാര്‍ക്കുകള്‍, മരംകൊണ്ടുള്ള കുടിലുകള്‍ എന്നിവ നിര്‍മിക്കാന്‍ അനുമതി നല്‍കാവുന്നതാണെന്നും പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം വകുപ്പിന്റെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.

പഞ്ചായത്ത് പ്രദേശങ്ങളെ ജനസംഖ്യാടിസ്ഥാനത്തില്‍ മൂന്ന് എ, മൂന്ന് ബി എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ചതുരശ്ര കിലോ മീറ്ററില്‍ 2061ല്‍ കൂടുതല്‍ ജനസംഖ്യയുണ്ടെങ്കില്‍ (2011 സെന്‍സസ്) മൂന്ന് എ യില്‍ വരും. കുറവാണെങ്കില്‍ ബി യിലും. ഈ മേഖലയില്‍ നിര്‍മാണപ്രവൃത്തിക്ക് വന്‍ ഇളവാണ് പുതിയ വിജ്ഞാപനത്തില്‍. മൂന്ന് എ മേഖലയില്‍ വേലിയേറ്റ രേഖയില്‍നിന്ന് 200 മീറ്റര്‍ കരയില്‍ നിര്‍മാണങ്ങള്‍ പാടില്ലെന്നത് 50 മീറ്ററായി കുറയ്ക്കും. 300 ചതുരശ്ര മീറ്റര്‍വരെയുള്ള ഗൃഹനിര്‍മാണത്തിന് കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി ആവശ്യമില്ല. സി.ആര്‍.ഇസഡ് രണ്ട്, മൂന്ന് മേഖലകളിലെ ചട്ടഭേദഗതി തീരമേഖലാ നിയന്ത്രണ മാനേജ്മെന്റ് പ്ലാന്‍ അംഗീകരിച്ചാലേ പ്രാബല്യത്തിലാകൂ. നാട്ടുകാരുടെ അഭിപ്രായമാരാഞ്ഞ് അന്തിമ പ്ലാന്‍ വിജ്ഞാപനംചെയ്താലേ ഭേദഗതി നടപ്പാകൂ. അതുവരെ 200 മീറ്റര്‍ എന്ന പരിധി നിലനില്‍ക്കും.

ആയിരം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന കണ്ടല്‍ക്കാടാണ് സി.ആര്‍.ഇസഡ് മൂന്ന് വിഭാഗത്തില്‍പ്പെടുക. ഈ കണ്ടല്‍വനത്തിന് 50 മീറ്റര്‍ സംരക്ഷിത മേഖലയുമുണ്ടാകും. ഇക്കോ ടൂറിസം, പൈപ്പ് ലൈന്‍, കേബിള്‍ ലൈന്‍, പ്രിതരോധാവശ്യത്തിനുള്ള പ്രവൃത്തികള്‍ എന്നിവ മാത്രമേ ഈ മേഖലയിലും മൂന്ന് എ യില്‍ വരുന്ന ദേശീയ ഉദ്യാനങ്ങള്‍, മറ്റ് അതീവ പരിസ്ഥിലോല മേഖലകള്‍ എന്നിവിടങ്ങളിലും അനുവദിക്കൂ.

വേലിയേറ്റരേഖയില്‍നിന്ന് 500 മീറ്റര്‍ വീതിയിലുള്ള സ്ഥലം തീരനിയന്ത്രണ മേഖലയായി തുടരും. നഗരപ്രദേശങ്ങള്‍ മുഴുവന്‍ സി.ആര്‍.ഇസഡ് രണ്ടിലാണ് പുതിയ വിജ്ഞാപനപ്രകാരം വരിക. ഇവിടെ 1994ന് മുമ്പ് റോഡോ അംഗീകൃത കെട്ടിടങ്ങളോ ഉള്ള സ്ഥലംവരെ നിയന്ത്രിത നിര്‍മ്മാണമാവാം. ഒന്‍പത് മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള കെട്ടിടങ്ങള്‍ സാധാരണനിലയില്‍ അനുവദിക്കില്ല.

pathram:
Leave a Comment