ചാനല്‍ ചര്‍ച്ചയ്ക്ക് പോയ നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

കൊച്ചി: ചാനലില്‍ ചര്‍ച്ചയ്ക്ക് പോയ സംസ്ഥാന സമിതി അംഗത്തെ ബി.ജെ.പി.യില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി തീരുമാനം ലംഘിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തത്. നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോകുന്നതിന് പാര്‍ട്ടി ശക്തമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് പോകുന്നതിനായി ഇരുപതംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോകാന്‍ പാടില്ലെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടി. അഭിഭാഷകനെന്ന നിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പാര്‍ട്ടിക്കു വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്തു പറയണമെന്നുവരെ പാര്‍ട്ടി നിര്‍ദേശം നല്‍കുന്നുണ്ട്. ചര്‍ച്ചയില്‍ പോകുന്ന അംഗങ്ങള്‍ക്കായുണ്ടാക്കിയിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വൈകുന്നേരത്തോടെ അതു സംബന്ധിച്ച വിവരങ്ങളും പാര്‍ട്ടി നിലപാടുകളും നല്‍കും. അതിനനുസരിച്ചു മാത്രമെ അവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു. അതേത്തുടര്‍ന്ന് മറ്റു നേതാക്കളെല്ലാം ചാനല്‍ ചര്‍ച്ചകളില്‍നിന്ന് അകന്ന് കഴിയുകയാണ്.

ഇതിനിടെ യുവമോര്‍ച്ചയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയുമായി ഇടഞ്ഞ് രാജിവെച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായി, പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായ ആളെ നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്ന് നിയമനം റദ്ദാക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് രാജിവെച്ചത്.

യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായി അരുണ്‍ കോടനാടിനെ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുപോയ ഉടനെ തന്നെ പാര്‍ട്ടി നേതൃത്വം അതൃപ്തി അറിയിക്കുകയായിരുന്നു. പാര്‍ട്ടി ജില്ലാ കോര്‍ കമ്മിറ്റിയില്‍ ഇതിനെ ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ശക്തമായി വിമര്‍ശിക്കുകയും നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജില്ലാ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിനില്‍ രാജി വെച്ചത്. ഇതോടെ യുവമോര്‍ച്ച നേതൃത്വവും പാര്‍ട്ടി നേതൃത്വവും രണ്ട് തട്ടിലായി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment