മന്ത്രി ജലീല്‍ സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു; തെളിവുകള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: മറ്റു വകുപ്പുകളിലെ വിവാദ നിയമനങ്ങള്‍ പുറത്തുവിടുമെന്നു ബ്ലാക്ക്‌മെയില്‍ ചെയ്താണു ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ കെ.ടി.ജലീല്‍, സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും തന്റെ പക്ഷത്തു നിര്‍ത്തുന്നതെന്നു യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിബന്ധുവായ കെ.ടി.അദീബിനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നു ഫിറോസ് പറഞ്ഞു. കഴിഞ്ഞ നവംബര്‍ 3നു വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. 23നു ഡയറക്ടര്‍ പരാതി സര്‍ക്കാരിനു കൈമാറി. എന്നാല്‍ 2 മാസമായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോടതിയില്‍ പോകുമെന്നു ഭയമുള്ളതുകൊണ്ട് മനഃപൂര്‍വം കാലതാമസം വരുത്തുകയാണ്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയംകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

pathram:
Leave a Comment