ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികള്‍ എത്തി

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടു യുവതികള്‍ നിലയ്ക്കല്‍ വരെയെത്തി. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. യുവതികളെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി.

പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ നിലയ്ക്കലില്‍നിന്ന് മാറ്റി. ഇവരെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇവരെ എരുമേലിയിലേയ്ക്ക് മടക്കിയയച്ചതായി പോലീസ് പറഞ്ഞു.

നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ എത്തിയത്. ഇവരടക്കം എട്ടു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശബരിമല ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇത് പോലീസ് പാലിച്ചില്ലെന്നും യുവതികള്‍ക്കൊപ്പം ശബരിമലയിലെത്തിയ സംഘാംഗങ്ങള്‍ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയും ഈ യുവതികള്‍ മല ചവിട്ടാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു. നീലിമലയ്ക്കു സമീപം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അന്ന് പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയച്ചത്.

യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. ഇവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

pathram:
Leave a Comment