കടന്നത് ന്യൂസീലന്‍ഡിലേക്ക്; സംഘത്തില്‍ 230 പേര്‍; ബാഗുകള്‍ ഉപേക്ഷിച്ചതിന് കാരണം കണ്ടെത്തി

കൊച്ചി: മനുഷ്യക്കടത്തില്‍ പുതിയ കണ്ടെത്തലുകള്‍. മുനമ്പത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 230 പേര്‍ ന്യൂസീലന്‍ഡിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. മനുഷ്യക്കടത്തിലെ പ്രധാനി തമിഴ്‌നാട് തിരുവാളൂര്‍ സ്വദേശിയും കോവളം വേങ്ങാനൂരില്‍ താമസക്കാരനുമായ ശ്രീകാന്ത്, മറ്റൊരു കണ്ണിയായ ഡല്‍ഹി സ്വദേശി രവീന്ദ്രന്‍ എന്നിവരും ന്യൂസീലന്‍ഡിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.

സംഘത്തിലുള്‍പ്പെട്ട 400ഓളം പേരില്‍ ബാക്കിയുള്ളവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതായാണ് വിവരം. കൊടുങ്ങല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 52 ബാഗുകളും മനുഷ്യക്കടത്ത് സംഘത്തിന്റേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കുടുംബമായെത്തിയവരില്‍ എല്ലാവര്‍ക്കും പോകാന്‍ കഴിഞ്ഞിട്ടില്ല. ചിലരുടെ ഭാര്യമാര്‍ക്ക് പോകാന്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. അതുപോലെ പലരുടെയും കുട്ടികള്‍ക്കും പോകാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലക്കുറവും ഭാരക്കൂടുതലും കാരണമാണ് ബാഗുകള്‍ ഉപേക്ഷിച്ചത്.

ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ചെറായി എന്നിവിടങ്ങളില്‍ താമസിച്ചാണ് സംഘം മുനമ്പത്ത് ഒത്തുകൂടിയത്. കടല്‍കടന്നവരില്‍ 80 പേര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളും മറ്റുള്ളവര്‍ ഡല്‍ഹിക്കാരുമാണ്. ഒരാളില്‍നിന്ന് ഒന്നരലക്ഷംരൂപവീതം വാങ്ങി മൂന്നുലക്ഷം രൂപ ശമ്പളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ. പദ്മരാജന്‍ പറഞ്ഞു.

മനുഷ്യക്കടത്തിന്റെ പ്രധാന ഏജന്റുമാരായ ശ്രീകാന്തും സംഘവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊടുങ്ങല്ലൂരിലെ ഹോട്ടലുകളില്‍ മാറിമാറി താമസിച്ചതായി തെളിവുലഭിച്ചു. കൊടുങ്ങല്ലൂരില്‍നിന്നുമുള്ള പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി അന്വേഷണം നടത്തി മടങ്ങിയെത്തിയിട്ടുണ്ട്.

ശ്രീകാന്ത് സഞ്ചരിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷന്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയത്. കോയമ്പത്തൂരിന് സമീപം അവിനാശി ടി.എന്‍. പാളയത്ത് പാണ്ഡ്യരാജന്റെ പേരിലുള്ളതാണ് കാര്‍.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment