പേട്ടയുടെ രണ്ടാംഭാഗം വരുമോ..? ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെ…

ചെന്നൈ: സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ‘പേട്ട’യുടെ രണ്ടാം ഭാഗം വരുമോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് സംവിധായകന്റെ മറുപടി. ചിത്രത്തിന്റെ തിരക്കഥ രജനീകാന്തിന് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയിരുന്നുവെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

ജിഗര്‍തണ്ട രജനി സാറിന് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അത് കണ്ടിട്ട് അദ്ദേഹം തന്നെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയിരുന്നു. നേരിട്ട് ആദ്യം കാണുന്നത് അപ്പോഴാണ്. കണ്ടപ്പോള്‍ അദ്ദേഹത്തോടുള്ള എന്റെ ആരാധന പറഞ്ഞു. തിരക്കഥകളൊക്കെ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം മനസിലേക്ക് വരാറുണ്ടെന്ന കാര്യവും പറഞ്ഞു. അങ്ങനെയെങ്കില്‍ നല്ല തിരക്കഥകള്‍ വരുമ്പോള്‍ തന്നോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തമാശ പറയുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ അങ്ങനെ ആയിരുന്നില്ല. പിന്നീടാണ് പേട്ടയുടെ തിരക്കഥ തയ്യാറാക്കി അദ്ദേഹത്തെ സമീപിച്ചത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അത്. പറ്റിയ സമയം വരുമ്പോള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു, കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

പേട്ടയുടെ രണ്ടാംഭാഗത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടി ഇങ്ങനെ, ‘എനിക്കറിയില്ല. ചിത്രത്തിന്റെ രണ്ടാംഭാഗം എന്ന നിലയില്‍ ഇതുവരെ ഒന്നും മനസില്‍ ഇല്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഗംഭീരമാവും.’ കുട്ടിക്കാലം മുതലേ താന്‍ രജനിയുടെ ആരാധകനാണെന്നും പേട്ടയിലൂടെ സ്വപ്നത്തേക്കാള്‍ വലിയ ഒന്നാണ് സംഭവിച്ചതെന്നും കാര്‍ത്തിക് പറഞ്ഞു.

pathram:
Related Post
Leave a Comment