കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. നേരത്തെ സമരം നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

എം.ഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരസമിതി ഉന്നയിച്ച എല്ലാ ആവശ്യങ്ങളിലും നടപടി ഉണ്ടാകുമെന്ന ഉറപ്പ് ഗതാഗത മന്ത്രി സമരസമിതിക്ക് നല്‍കി. ശമ്പള പരിഷ്‌കരണവും ടി.എ കുടിശ്ശികയും ഉള്‍പ്പടെയുള്ള ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ഉന്നയിച്ചിരുന്നത്. പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കണെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഡ്യൂട്ടി സംവിധാനത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ട് ഈ മാസം 21 ന് മുന്നേ നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ പരിഗണന നല്‍കിയതിനാലാണ് പണിമുടക്ക് മാറ്റി വെക്കുന്നതും സമരസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

pathram:
Leave a Comment