സന്നിധാനം: ശബരിമലയിലെത്തിയ 47 വയസ്സുകാരിയായ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്താനാവാതെ തിരിച്ചിറങ്ങി. മരക്കൂട്ടം വരെ എത്തിയതിനു ശേഷമായിരുന്നു തിരിച്ചിറങ്ങിയത്. കുട്ടിക്കൊപ്പമായിരുന്നു യുവതി ദര്‍ശനത്തിന് എത്തിയത്. മഫ്തി പോലീസുകാരുടെ സഹായത്തോടെയാണ് ഇവര്‍ മരക്കൂട്ടം വരെയെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി പമ്പയിലെ ഗാര്‍ഡ് റൂമിലെത്തി ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. താന്‍ ശ്രീലങ്കന്‍ സ്വദേശിനിയാണെന്നും ദര്‍ശനം നടത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുകയും ഇവര്‍ക്ക് 47 വയസ്സാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ദര്‍ശനത്തിന് അവസരം നല്‍കണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മഫ്തിയിലുള്ള രണ്ട് പോലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാന്‍ അനുവദിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ മരക്കൂട്ടം വഴി ശരംകുത്തി വരെ എത്തി. എന്നാല്‍ യുവതി മല കയറുന്നുണ്ടെന്ന വിവരം സന്നിധാനത്ത് അറിഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി നാമജപക്കാരും മറ്റുള്ളവരും വലിയ നടപ്പന്തലിലെത്തി കാത്തുനിന്നു. ഈ വിവരം പോലീസ് യുവതിയെ അറിയിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ തിരിച്ചിറങ്ങാന്‍ യുവതി തയ്യാറാവുകയായിരുന്നു.
താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടത്തുവച്ച് പോലീസ് തിരിച്ച് അയക്കുകയായിരുന്നുവെന്നും യുവതി പിന്നീട് പ്രതികരിച്ചു.
Leave a Comment