മാമാങ്കത്തില്‍ ദ്രുവനുപകരം ഉണ്ണിമുകുന്ദന്‍: തന്റെ അറിവോടെയല്ലെന്ന് സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍ നിന്ന് യുവതാരം ധ്രുവനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ധ്രുവിന് പകരം ഉണ്ണി മുകുന്ദന്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. താന്‍ മാമാങ്കത്തിന്റെ ഭാഗമാവുന്നുവെന്ന് ഉണ്ണി സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതിന് തൊട്ട്പിന്നാലെ അത് തന്റെ അറിവോടെ അല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍.
ഉണ്ണിയുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഉണ്ണി ചിത്രത്തിന്റെ ഭാഗമാവുന്നുവെങ്കില്‍ അത് തന്റെ അറിവോടെ അല്ലെന്നും സംവിധായകന്‍ സജീവ് പിള്ള പറയുന്നു. ഈ വര്‍ഷം തനിക്ക് രണ്ട് പ്രധാന ചിത്രങ്ങള്‍ ചെയ്യാനുണ്ടെന്നും അതില്‍ ഒന്ന് ചോക്ലേറ്റും മറ്റൊന്നു മാമാങ്കവുമാണെന്നാണ് ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തൊട്ടുപിന്നാലെ ആരാധകര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുക്കുന്നത്. യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് ചിത്രത്തില്‍ നിന്ന് ധ്രുവനെ പുറത്താക്കിയത്. ചിത്രത്തിന് വേണ്ടി ധ്രുവന്‍ ജിമ്മിലും കളരിയിലുമായി കഠിനാധ്വാനം ചെയ്തിരുന്നു. ധ്രുവനെ മാറ്റിയതിന് പിന്നിലെ കാരണം തനിക്ക് അറിയില്ലെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.

pathram:
Related Post
Leave a Comment