മലകയറാന്‍ വീണ്ടും സ്ത്രീകളെത്തി..!!!

പമ്പ: ശബരിമല ദര്‍ശനത്തിന് 50 വയസ്സില്‍ താഴെയുള്ള 2 സ്ത്രീകള്‍ ഇന്നലെ വൈകിട്ട് പമ്പയിലെത്തി. വിശാഖപട്ടണത്തു നിന്ന് എത്തിയ 49 വയസ്സുള്ള സ്ത്രീയെയും കര്‍ണാടകയില്‍ നിന്നു വന്ന മുപ്പതുകാരിയുമാണ് എത്തിയത്. ഇവരെ സന്നിധാനത്തേക്കുള്ള യാത്രയില്‍ നിന്ന് പൊലീസ് പിന്തിരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിശാഖപട്ടണത്തുനിന്നെത്തിയ സ്ത്രീയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. രേഖകളില്‍ 49 ആണെങ്കിലും 50 വയസ്സുണ്ടെന്ന് സ്ത്രീ വാദിച്ചെങ്കിലും പ്രതിഷേധം ഉണ്ടാകുമെന്നറിയിച്ച് പൊലീസ് തടയുകയായിരുന്നു. കര്‍ണാടക സ്വദേശിനിയും പ്രതിഷേധം ഭയന്ന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി.
മകരവിളക്കിനു നടതുറന്ന ഇന്നലെ സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹമായിരുന്നു. ദര്‍ശനത്തിനായി സന്നിധാനത്തേക്കു കാല്‍നടയായി പോകുന്ന അയ്യപ്പന്മാരായിരുന്നു 2 ദിവസമായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന പാതകളിലെല്ലാം. എരുമേലിയില്‍ പേട്ടതുള്ളി കാനനപാതയിലൂടെ അഴുത വരെ എത്തിയപ്പോള്‍ അവിടെ വനപാലകര്‍ തടഞ്ഞു. നടതുറക്കാതെ കരിമല വഴിയുള്ള കാനനപാതയിലൂടെ കടത്തിവിടില്ലെന്ന വനം വകുപ്പിന്റെ നിലപാടിനെ തുടര്‍ന്ന് അയ്യപ്പന്മാര്‍ നിലയ്ക്കലിലേക്ക് പോകുകയായിരുന്നു.

രാവിലെ മുതല്‍ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് നിലയ്ക്കലില്‍ എത്തിയത്. ഇവര്‍ പമ്പയിലേക്കു പോകാന്‍ നിലയ്ക്കല്‍ സ്റ്റാന്‍ഡില്‍ കാത്തുനിന്നു. ഉച്ചയ്ക്കു 12 മുതല്‍ മാത്രമേ പമ്പയ്ക്കുള്ള ബസ് കടത്തിവിടൂ എന്നു പൊലീസ് അറിയിച്ചതോടെ നിരവധി അയ്യപ്പന്മാരും കാത്തുനില്‍ക്കാതെ കാല്‍നടയായി നീങ്ങി.

ഇവരെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നെത്തുന്നത് ഉച്ചയ്ക്കു ശേഷമാണെന്നു മനസിലാക്കിയതോടെ വേണ്ടെന്നുവെച്ചു. ഓരോ മിനിറ്റിലും നിലയ്ക്കലേക്കു വരുന്ന തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നുതിരിയാന്‍ ഇടമില്ലാതായി. തിരക്കു പരിഗണിച്ച് കെഎസ്ആര്‍ടിസി നേരത്തെ തന്നെ ടിക്കറ്റ് കൊടുത്തു തുടങ്ങി. 10 മണിയായപ്പോള്‍ മുതല്‍ ഇവരെ ബസില്‍ കയറ്റിയിരുത്തി. ടിക്കറ്റ് പരിശോധന നടത്തി മാറ്റിയിട്ടു. രണ്ടുമണിക്കൂറിലേറെ കാത്തിരുന്നു മുഷിഞ്ഞ തീര്‍ഥാടകര്‍ ബഹളംവെച്ചതോടെ 11.45ന് പമ്പയിലേക്കുള്ള ചെയിന്‍ സര്‍വീസ് കടത്തിവിട്ടു.

ജന്റം എസി ബസില്‍ പോലും കാല്‍കുത്താന്‍ ഇടമില്ലാത്ത വിധത്തില്‍ തീര്‍ഥാടകര്‍ തിങ്ങിനിറഞ്ഞ രീതിയിലാണ് സര്‍വീസ് നടത്തിയത്. 12.30 ആയപ്പോഴേക്കും പമ്പാമണല്‍പ്പുറം തീര്‍ഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞു. പമ്പാ ഗണപതികോവിലിനു സമീപത്തെ ഗാര്‍ഡ് റൂമിനു മുന്നില്‍ പൊലീസിന്റെ പരിശോധനയ്ക്കു സമയം എടുത്തതിനാല്‍ അവിടെ തീര്‍ഥാടകരുടെ വലിയനിരയായിരുന്നു. വൈകിട്ട് 4 മുതലാണ് തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിത്തുടങ്ങിയത്.

നടതുറക്കുന്ന സമയമായപ്പോഴേക്കും തിരക്കു കൂടി. മകരവിളക്കു തീര്‍ഥാടനത്തിനായി വൈകിട്ട് 5ന് നട തുറന്ന ശേഷം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആഴിതെളിച്ചു. അപ്പോഴും ഇരുമുടിക്കെട്ടുമായി വന്ന അയ്യപ്പന്മാരെ വലിയനടപ്പന്തലില്‍ നിന്നു പതിനെട്ടാംപടിയ്ക്കലേക്കു കടത്തിവിടാതെ പൊലീസ് നിയന്ത്രിച്ചു നിര്‍ത്തി. ആഴിതെളിച്ച ശേഷം മേല്‍ശാന്തി ശ്രീകോവിലില്‍ എത്തിയ ശേഷമാണ് ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചത്.

pathram:
Leave a Comment