ഡല്‍ഹി പോലീസിന്റെ കാവലില്‍ തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറും ലീനയും കൊച്ചില്‍ കഴിഞ്ഞിരുന്നതായി തെളിവ്

കൊച്ചി: നടി ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ കൊച്ചിയില്‍ മൂന്നാഴ്ച്ചയോളം കഴിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസിന്റെ കാവലില്‍ ലീനയോടൊപ്പമാണ് സുകേഷ് എത്തിയത്എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തീഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ലീനയോടൊപ്പം ഇയാളും വിവിധ തട്ടിപ്പുകേസില്‍ പ്രതിയാണ്.
നാല് മാസം മുമ്പ് കൊച്ചിയില്‍ എത്തി ഇരുവരും ഹോംസ്‌റ്റേയിലാണ് താമസിച്ചത്. ചികിത്സയ്ക്കായി എത്തിയതെന്നാണ് ഹോം സ്‌റ്റേ ഉടമ പോലീസിനെ അറിയിച്ചത്. ചെലവന്നൂര്‍ കായല്‍ത്തീരത്തെ വീട് ജൂണ്‍ 5 മുതല്‍ ജൂലൈ 27 വരെയാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്.
കൊച്ചിയിലെ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പ് അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും കൊച്ചിയില്‍ കഴിഞ്ഞ വിവരം പോലീസ് അറിയുന്നത്. ലീനയും സുകേഷും കൊച്ചിയില്‍ എത്തിയത് എന്തിനാണ് എന്നത് അന്വേഷിക്കാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോകും. ഇവരുടെ കൊച്ചി സന്ദര്‍ശനവുമായി വെടിവയ്പ്പിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന വിവരമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
കൊച്ചി പോലീസ് തീഹാര്‍ ജയില്‍ അധികൃതരുമായും ഡല്‍ഹി പോലീസുമായും ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിക്കും. എന്നാല്‍ ജയില്‍ശിക്ഷയിലാണെന്ന കാര്യം മറച്ചുവെച്ചാണ് ഇരുവരും മുറിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസോര്‍ട്ടില്‍ നിന്ന് ഇരുവരും ഇടയ്ക്കിടെ പുറത്തുപോകാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറ് മുറികളും സ്വിമ്മിങ്ങ് പൂളുമുള്ള വീട്ടില്‍ ഡല്‍ഹി പോലീസിലെ ഒരു എസ്‌ഐ ഉള്‍പ്പെടെ ആറ് പേരാണ് താമസിച്ചത്. വിഐപികള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് വീടെടുത്തതെന്ന് കെയര്‍ടേക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇവിടെ നിന്ന് പോയ ശേഷവും സുകേഷ് കൊച്ചിയില്‍ മറ്റിടങ്ങളിലും താമസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേപറ്റിയും പോലീസ് അന്വേഷണം നടത്തിവരികയാണ്.

pathram:
Related Post
Leave a Comment