ബിജെപിക്കെതിരെ വാളെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

ചെന്നൈ: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാഹുലിനുണ്ട്. അദ്ദേഹത്തിന്റെ കൈകളെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് രാഷ്ട്രീയപരമായ എല്ലാ വൈരങ്ങളും മറന്ന് വിവിധ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തത്.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, നടന്‍ രജ്‌നികാന്ത്, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ച വേദിയിലായിരുന്നു സ്റ്റാലിന്റെ അഭിപ്രായ പ്രകടനം.
സോണിയ ഗാന്ധിയാണ് പ്രതിമ അനാച്ഛദനം ചെയ്തത്. രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.
അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കിയാല്‍ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. ഒരു രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ആദര്‍ശങ്ങളെ നശിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സുപ്രീംകോടതി, റിസര്‍വ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. അത് പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്ത് പോലും ഭരണം പിടിക്കാനാവാതെ പോയതിന് ശേഷം ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുച്ചേര്‍ന്നതാണ് ചെന്നൈയെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചത്.
ബിജെപിക്കെതിരെ വിശാലപ്രതിപക്ഷമെന്ന നീക്കത്തിന് വലിയ ശക്തി പകരുന്നതാണ് ഈ ഒത്തുച്ചേരല്‍. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി എന്നിവര്‍ പങ്കെടുക്കാത്തതും ഏറെ ശ്രദ്ധേയമായി.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പ് കഴിഞ്ഞ പത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ സംഗമിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കും പ്രതിപക്ഷ നേതാക്കള്‍ക്ക് മിക്കവര്‍ക്കും ക്ഷണമുണ്ട്.
ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെയുള്ള നീക്കങ്ങള്‍ ഊര്‍ജിതമാകുകയാണ്.

pathram:
Leave a Comment