ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: നടിയുടെ ഹവാല ബന്ധംസഅന്വേഷിക്കും

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ അന്വേഷണം മുംബൈ സംഘങ്ങളിലേക്ക്. മുംബൈ അധോലോക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബ്യൂട്ടി സലൂണില്‍ രണ്ടംഗ സംഘം വെടിയുതിര്‍ത്തതായുള്ള പരാതിയില്‍ സ്ഥാപന ഉടമ ലീന മരിയാ പോളിന്റെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. ഇപ്പോള്‍ ഹൈദരാബാദിലുള്ള ലീനയോട് ഉടന്‍ കൊച്ചിയിലെത്താന്‍ നിര്‍ദേശിച്ചട്ടുണ്ട്.
പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തും. മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ലീന മരിയ പോളിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.
അതേസമയം, നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് കൃത്യമായി എത്താന്‍ പോന്ന വിവരങ്ങളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.
നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്‌പോര്‍ട്‌സ് കാറുകളടക്കം 40 അത്യാഡംബര കാറുകള്‍ ഒരു വര്‍ഷം മുമ്പ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ലീന മരിയ പോളിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. രണ്ടാഴ്ച മമ്പ് ദുബായിലുണ്ടായിരുന്ന ലീന മരിയ പിന്നീട് ഹൈദരാബാദില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. വെടിവയ്പ് നടത്തിയത് ആരെയും അപായപ്പെടുത്താനല്ല മറിച്ച് ഭയപ്പെടുത്താനോ ഭീഷണിയുടെ ഭാഗമായിട്ടോ ആണെന്നാണ് പൊലീസ് കരുതുന്നത്. ആരാണ് കൃത്യത്തിന് പിന്നിലെന്നും ലീന മരിയ പോളിന്റെ മൊഴിയെടുത്താല്‍ വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ കൃത്യത്തിനായി സംഭവസ്ഥലത്തെത്തിയവര്‍ കൊച്ചിയില്‍ നിന്നുതന്നെയുളളവരാകാം എന്നും കണക്കുകൂട്ടുന്നു. മുംബൈ അധോലോകവുമായി ബന്ധമുളള രവി പൂജാരയുടെ പേരിലുളള ഭീഷണി സന്ദേശത്തിന്റെ നിജസ്ഥിതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. കളളപ്പണവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക തട്ടിപ്പുകളിലും ഇടപാടുകളിലും ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറനും ഉളള പങ്കാളിത്തവും വരും ദിവസങ്ങളില്‍ പൊലീസിന് പരിശോധിക്കേണ്ടിവരും.

pathram:
Related Post
Leave a Comment