നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുത്

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വകാര്യതയ്ക്കുള്ള ഇരയുടെ മൗലികാവകാശം പരിഗണിക്കാതെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ പ്രോസിക്യൂഷനെ അതു പ്രതികൂലമായി ബാധിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമോ എന്ന ഭീതിയിലാവും പിന്നീട് ഇരയുടെ ജീവിതം. മെമ്മറി കാര്‍ഡ് രേഖയായി കണക്കാക്കാനാവില്ലെന്നും സിആര്‍പിസി 207 വകുപ്പ് പ്രകാരം ഇതു പ്രതിക്കു കൈമാറാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്കു മുന്നില്‍ സമര്‍പ്പിച്ച തൊണ്ടിമുതല്‍ അവകാശപ്പെടാന്‍ പ്രതിക്ക് കഴിയില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ദീലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും ദൃശ്യങ്ങള്‍ കണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയെന്നും ഇതില്‍ പറയുന്നു.

pathram:
Related Post
Leave a Comment