അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം: വിജയ കൊടുമുടിയില്‍ രാഹുല്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് വജ്രത്തിന്റെ തിളക്കം. കോണ്‍ഗ്രസിന്റെ തലപ്പത്തെത്തി ഒരു വര്‍ഷം തികയുന്ന ഇന്ന് ബിജെപിയുടെ അപ്രമാദിത്വത്തെ തകര്‍ത്ത് പാര്‍ട്ടിയെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചിരിക്കുകയാണ്.
ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനല്‍ എന്നറിയപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ വിജയം കാണുന്നു. ഛത്തീസ്ഗഡില്‍ 15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയെ തകര്‍ത്ത് പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. എടുത്തുപറയാന്‍ വലിയ നേതാക്കള്‍ ഒന്നും തന്നെയില്ലാതിരുന്ന ഛത്തീസ്ഗഡിലെ വിജയം അദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ വിജയം മാത്രമാണ്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളെ എല്ലാം ഒറ്റക്കെട്ടായി നിര്‍ത്തി ബിജെപിയെ നേരിടുന്നതിലും രാഹുല്‍ വിജയിച്ചതിന്റെ ഫലങ്ങളാണ് പുറത്തുവരുന്നത്. ഭരണകക്ഷിയായ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാനും രാഹുലിന്റെ നേതൃത്വത്തിനായി. സച്ചിന്‍ പൈലറ്റിനെയും അശോക് ഗെലോട്ടിനെയും മുന്നില്‍ നിര്‍ത്തിയാണ് രാഹുല്‍ രാജസ്ഥാനില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.
മധ്യപ്രദേശില്‍ 15 വര്‍ഷം നീണ്ടുനിന്ന ബിജെപി ഭരണത്തിനും തിരിച്ചടി നല്‍കാനും രാഹുലിനു സാധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന്റെ അപ്രമാദിത്വത്തിനാണ് രാഹുല്‍ തിരിച്ചടി നല്‍കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കമല്‍നാഥിനെ മധ്യപ്രദേശിന്റെ ചുമതലകള്‍ അദ്ദേഹം എല്‍പ്പിച്ചിരുന്നു.
ബിജെപിയുടെ കരുത്തായ നരേന്ദ്ര മോദിയെയും അമിത് ഷായെയും ഒറ്റയ്ക്ക് നേരിട്ടാണ് രാഹുലിന്റെ കുതിപ്പ്. കര്‍ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടങ്ങള്‍ക്ക് വിലങ്ങിട്ട് രാഹുല്‍ ജെഡിഎസുമായി ചേര്‍ന്നു അധികാരം പിടിച്ചു. ഗോവയിലേയും മേഘാലയിലേയും ബിജെപിയുടെ നീക്കങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടായിരുന്ന രാഹുല്‍ കര്‍ണാടകയില്‍ തന്ത്രം ആവിഷ്‌കരിച്ചത്.
കോണ്‍ഗ്രസ് മുക്ത ഭരതമെന്ന ബിജെപിയുടെ നീക്കത്തെയാണ് രാഹുല്‍ ഒറ്റയ്ക്കു പോരാടി തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. 19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധിയില്‍നിന്നമാണ് രാഹുല്‍ അധികാരം ഏറ്റെടുത്തത്.

pathram:
Related Post
Leave a Comment