സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയും; സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തിടുക്കമിെല്ലെന്നും മുഖ്യമന്ത്രി

ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് തിടുക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയും. എന്നാല്‍ ആചാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമിത താത്പര്യമെടുത്തെന്നാണ് ചിലര്‍ പറയുന്നത്. ഇടതുമുന്നണി ഇക്കാര്യത്തില്‍ ചെറിയ താത്പര്യമെങ്കിലും എടുത്താല്‍ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാം. എന്നാല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു ധൃതിയുമില്ല മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ എല്‍.ഡി.എഫ്. സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ വീണ്ടും ഇരുണ്ടനാളുകളിലേക്ക് തള്ളിവിടാനാണ് ചിലരുടെ ശ്രമം. ഇതിനെതിരായി നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്. സ്ത്രീകളും പുരുഷരും തുല്യരാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല. ഇത് ഒരു വിഭാഗത്തിനെതിരെയുള്ള സമരമല്ലെങ്കിലും സ്ത്രീയെ അടിമയായി കരുതുന്നവര്‍ക്ക് എതിരെയാണ് ഈ സമരമെന്നും മുഖ്യമന്ത്രി വിശദമാക്കി.
നിലവിലെ രീതികള്‍ മാറ്റുന്നതിന് എവിടെയെല്ലാം പ്രക്ഷോഭം നടന്നിട്ടുണ്ടോ അവിടെയെല്ലാം കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ട്. അവര്‍ തകര്‍ന്നുപോയില്ല, അവരുടെ പേരുകള്‍ ചരിത്രത്തിന്റെ ഭാഗമായി. എതിര്‍ത്തവര്‍ പുറന്തള്ളപ്പെട്ടു. നാടുമുന്നോട്ടുപോയി. അങ്ങനെയാണ് ഓരോന്നും മാറിവന്നത്. വഴിനടക്കാന്‍ ഏതെങ്കിലും ജാതിയിലെ പുരുഷന് മാത്രം അവകാശം വേണമെന്നല്ല പറഞ്ഞത്. എല്ലാവര്‍ക്കും തുല്യഅവകാശത്തിനാണ് പോരാടിയത്.
മുലക്കരം ഉള്‍പ്പെടെയുള്ളവ അവസാനിപ്പിക്കാന്‍ സ്ത്രീകളുടെ പ്രക്ഷോഭങ്ങളും ഇവിടെയുണ്ടായിരുന്നു. എല്ലാവിഭാഗം സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു ആ പ്രക്ഷോഭങ്ങള്‍. ജാതീയമായ അടിമത്വം നിലനില്‍ക്കുമ്പോഴും ഏറ്റവും വലിയ അടിമത്വം അനുഭവിച്ചത് സ്ത്രീകളായിരുന്നു. അതില്‍ അവര്‍ണ വിഭാഗത്തിലെ സ്ത്രീകളാണ് കൂടുതല്‍ അടിമത്വം അനുവഭിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

pathram:
Leave a Comment