ബിജെപിയുടെ ശരണംവിളിച്ച് പ്രതിഷേധം ഏറ്റില്ല : മണ്ഡലകാലമല്ലേ വിളിച്ചോട്ടെയെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചെങ്ങന്നൂരിലെ പൊതുപരിപാടിയില്‍
ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പ്രതിഷേധവുമായെത്തിയതിനേത്തുടര്‍ന്ന് അഞ്ച് വനിതകള്‍ ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവര്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഈ സീസണില്‍ എല്ലാവരും വിളിക്കുന്നതല്ലേ സ്വാമി ശരണമെന്നായിരുന്നു ഇതിനേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.
കെ സുരേന്ദ്രനെതിരായ പോലീസ് നടപടിയില്‍ ഇന്ന് മുതല്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ച ബിജെപി ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും മാര്‍ച്ച് നടത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് വേദിക്ക് സമീപത്ത് വെച്ചായിരുന്നു വനിതകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചപ്പോള്‍ ആണ് ശരണംവിളി പ്രതിഷേധമുണ്ടായത്. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി മൈക്കിന് അടുത്ത് എത്തിയതിന് തൊട്ടുപിന്നാലെ വേദിക്ക് തൊട്ടപ്പുറത്തുള്ള മൈതാനത്ത് നിന്നും ബിജെപി പ്രവര്‍ത്തകരായ ഒരു സംഘം ശരണംവിളി ആരംഭിച്ചു. ഇവിടേക്ക് പൊലീസ് ശരണംവിളിച്ചവരെ അവിടെ നിന്നും മാറ്റി.
എന്നാല്‍ ശരണംവിളി പ്രതിഷേധത്തെ നിസ്സാരവത്കരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിപ്പോള്‍ സ്ഥിരം പരിപാടിയായി മാറിയായിരിക്കുകയാണെന്നും ഇതൊന്നും താന്‍ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് എല്ലാവരും ശരണം വിളിക്കുന്നതല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന കാലത്തിന്റെ ഭാഗമായ നിരവധി സംഘടനാപ്രതിനിധികളെ ചേര്‍ത്ത് സര്‍ക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. 190 പേരെ വിളിച്ചതില്‍ 170 പേരും പരിപാടിക്ക് എത്തിയെന്നും അവരില്‍ പലരും സ്വാമി ശരണം എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയതെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ അതല്ല നമ്മുടെ വിഷയം എന്ന് പറഞ്ഞു കൊണ്ട് തന്റെ ഉദ്ഘാടന പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു.
ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച്ച മുതല്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴി തടയും എന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂരില്‍ സഹകരണവകുപ്പിന്റ പരിപാടിയില്‍ നാല് മന്ത്രിമാര്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി ആദ്യം പങ്കെടുക്കേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെട്ട മുഖ്യമന്ത്രി കൃത്യസമയത്ത് തന്നെ വേദിയിലെത്തി. വരുന്ന വഴി മുളക്കുഴയില്‍ വച്ച് ചില യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതൊഴിച്ചാല്‍ മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
മുഖ്യമന്ത്രി ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളെജിലെ ചടങ്ങിന് എത്തിയതിന് പിന്നാലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിജെപിയുടെ പ്രതിഷേധമാര്‍ച്ച് ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
ബിജെപിയുടെ വഴിതടയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാര്‍ക്കും അകമ്പടിയ്ക്കായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പൈലറ്റ് വാഹനങ്ങളെയും വിന്യസിച്ചു. 250 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പരിപാടിക്ക് ശേഷം ആലപ്പുഴയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. ഇവിടെ എല്‍ഡിഎഫിന്റെ പൊതുപരിപാടിയാണ് നടക്കുന്നത്. യാത്രാമധ്യേയോ പരിപാടി നടക്കുന്ന ചടങ്ങിലോ പ്രതിഷേധമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെയും ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment