തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരന്ദ്രനെതിരായ പോലീസ് നടപടിക്കെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സെന്‍കുമാര്‍ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചു. സുരേന്ദ്രന്റെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ഐ.പി.എസ്സുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. കൂടുതല്‍ കേസുകള്‍ ഉണ്ടെങ്കില്‍ ഒരിമിച്ചാണ് ഹാജറാക്കേണ്ടത്. മന്ത്രിമാര്‍ ഉള്‍പ്പടെ വാറണ്ടുകള്‍ നിലവിലുള്ള പ്രമുഖര്‍ക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ ഉദ്യോഗസ്ഥന് ശിക്ഷ ലഭിക്കാവുന്നതാണ്. സുരേന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം തന്നെ മണ്ഡലകാലം മുഴുവന്‍ ജയിലില്‍ ഇടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. . പിണറായി വിജയന്‍ തന്നോട് പകപോക്കുന്നു. എല്ലാ പൗരാവകാശങ്ങളും ലംഘിച്ചുവെന്നും പോലീസ് തന്നോട് ക്രൂരമായാണ് പെരുമാറുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ഡി.വൈ.എഫ്.ഐ പോലീസുകാരെയാണ് തനിക്കെതിരേ ഉപയോഗിച്ചത്. ലോക്കല്‍ പോലീസിന് തന്നെ തൊടാന്‍ അവകാശമില്ലാഞ്ഞിട്ടും അവര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ തള്ളിയിടാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചുവെങ്കിലും, ശബരിമലയില്‍ സ്ത്രീയെ തടഞ്ഞുവെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചില്ല. പുറത്തിറങ്ങാന്‍ ഇനിയും സമയമെടുക്കും. രാവിലെ പത്തരമണിയോടെയാണ് സുരേന്ദ്രനെ അഡീഷണല്‍ സെഷന്‍ കോടതിയില്‍ വന്‍ പോലീസ് സന്നാഹത്തോടെ ഹാജരാക്കിയത്. മാധ്യമങ്ങളടക്കം പുറത്ത് തടിച്ച് കൂടിയതോടെ സുരേന്ദ്രനെ കോടതിക്ക് അകത്തേക്കും പുറത്തേക്കുമെത്തിക്കാന്‍ പോലീസ് ഏറെ പണിപെട്ടു.
സുരേന്ദ്രനെ പിന്തുണയ്ക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള കോടതിയിലെത്തി സുരേന്ദ്രനെ സന്ദര്‍ശിച്ചു. ജാമ്യം കിട്ടുമെന്നും സുരേന്ദ്രന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
രാവിലെ ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പിയും സുരേന്ദ്രനെ ജില്ലാ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
Leave a Comment