കെ.സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; പോലീസ്

പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണ്. വാറന്റ് 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച അധികവാദം കേള്‍ക്കണം എന്ന് പൊലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ബുധനാഴ്ച വിധി പറയാന്‍ മാറ്റിയിരുന്നു. നെയ്യാറ്റിന്‍കര തഹസീല്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. ശബരിമല കേസില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള സുരേന്ദ്രനെ ബുധനാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്പദമായ സംഭവം.ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പൊലീസ് പെരുമാറുന്നതെന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മറ്റ് കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്നതിനാല്‍ കെ.സുരേന്ദ്രന് ഉടന്‍ പുറത്തിറങ്ങാനാകില്ല.

pathram:
Related Post
Leave a Comment