പ്രതിപക്ഷ ബഹളം രൂക്ഷം: പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു, മസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.അതേതുടര്‍ന്നാണ് സ്പീക്കറുടെ ഇറങ്ങിപോക്ക്. ചോദ്യോത്തരവേളയുടെ അവസാനമാണ് അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.
ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളുമുണ്ടാക്കുന്ന സമയത്താണ് ഇവര്‍ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ഇവരെ തടഞ്ഞു. ഡയസിലേക്ക് കയറാന്‍ ശ്രമിച്ച ഐ.സി ബാലകൃഷ്ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികള്‍ അവസാനിപ്പിച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.
സഭ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു.
ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശം കവര്‍ന്നെടുത്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആരേയും ചോദ്യം ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചോദ്യങ്ങള്‍ ക്ലബു ചെയ്ത് ആരേയും ചോദ്യങ്ങള്‍ ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് നിയമസഭയിലല്ല. എട്ടര മുതല്‍ 10 വരെയാണ് ചോദ്യോത്തര വേള. അംഗങ്ങളുടെ അവകാശം കവര്‍ന്നെടുത്ത് മുഖ്യമന്ത്രി 45 മിനിട്ട് സംസാരിച്ചു. ആരേയും ചോദ്യം ചോദിക്കാന്‍ അനുവദിച്ചില്ല. ഇങ്ങനെയാണോ സഭ നയിക്കേണ്ടതെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.
ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എയും ബി.ജെ.പി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ ഒ. രാജഗോപാലും പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല

pathram:
Related Post
Leave a Comment