ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി!

തിരുവനന്തപുരം: ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി എംഎല്‍. പാര്‍ട്ടി സ്വീകരിക്കുന്ന ഏതു നിലപാടും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്ന രീതിയാണ് നാളിതു വരെ തനിക്കുള്ളതെന്നും ശശി പറഞ്ഞു. തനിക്കെതിരെയുള്ള പാര്‍ട്ടിയുടെ അച്ചടക്കനടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പാര്‍ട്ടിയുടെ അച്ചടക്കത്തിന് വിധേയനായി പ്രവര്‍ത്തിക്കുമെന്നും പി. കെ. ശശി പറഞ്ഞു.
പീഡന ആരോപണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും ചെയ്തിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. വിഭാഗീയതയുമായി ബന്ധപ്പെട്ടാണോ പീഡനാരോപണമുണ്ടായതെന്ന ചോദ്യത്തിന് വിഭാഗീതയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ചതാണ്. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത്. പാര്‍ട്ടിക്ക് ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്നും അത് താന്‍ അംഗീകരിക്കുമെന്നും പി.കെ.ശശി പറഞ്ഞു.

pathram:
Related Post
Leave a Comment