എനിക്ക് സൗകര്യമുള്ളപ്പോള്‍ ഗര്ഭിണിയാകും ഡോക്ടറുടെ കുറിപ്പ് വൈറല്‍ ആവുന്നു

കല്യാണം കഴിക്കുന്നതിന് മുന്‍പ് കുറെ കാര്യങ്ങള്‍ ചെയ്യണം പെണ്ണുങ്ങളെ??. ഇല്ലെങ്കില്‍ കല്യാണം കഴിഞ്ഞാല്‍ ഉടനെ നിങ്ങളെക്കാളും മുന്‍പേ നിങ്ങള്‍ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാര്‍ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാന്‍ കൂടി അവര്‍ സമ്മയ്ക്കില്ല??.

അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തിന് മുന്‍പ് മിനിമം കുറച്ചു കാര്യങ്ങള്‍ പഠിക്കുക. ഇല്ലെങ്കില്‍ പിന്നീട് പറ്റിയില്ലെങ്കിലോ. കേറി ചെല്ലുന്ന വീട്ടില്‍ ഇറാഖിലെ യുദ്ധമാണോ അതോ യു. എന്‍. ഉച്ചകോടിയാണോ നമുക്ക് വിധിച്ചിരിക്കുന്നതെന്നു മുന്‍കൂട്ടി അറിയാന്‍ പറ്റില്ലലോ.അല്ല, ഈ ജ്യോല്‍സ്യന്മാര്‍ക്ക് ഇത് പ്രവചിക്കാന്‍ പറ്റുമോ? ഇല്ല അല്ലേ ??.

1. സ്വന്തമായി നാല് കാശു ഉണ്ടാക്കാന്‍ ഒരു ജോലി. ഇല്ലെങ്കില്‍ ഒരു അണ്ടര്‍ വെയര്‍ വാങ്ങാന്‍ കെട്ടിയോന്റെ മുന്നില്‍ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടില്‍ എല്ലാ മാസവും ശമ്പളം വരുമെങ്കില്‍ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ അവശ്യങ്ങള്‍ക്കും ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആര്‍ക്കറിയാം. നാളെ നിങ്ങള്‍ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോള്‍ ആദ്യം സ്വന്തമായി ഒരു ജോലി??. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കില്‍ 18 തികഞ്ഞാല്‍ ഉടനെ ആരുടെയെങ്കിലും മുന്നില്‍ പോയി തലകുനിച്ചു നില്‍ക്കരുത്. മനസ്സിലായോ? ആദ്യം ജോലി പിന്നെ മതി കല്യാണമെന്ന്..??

2. വണ്ടിയോടിക്കുവാന്‍ പഠിക്കുക. ഇരുചക്ര വാഹനം മാത്രമല്ല, കാറും. നമ്മള്‍ പെണ്ണുങ്ങള്‍ 40 സ്പീഡിലെ പോകു എന്ന് അങ്ങാടിയില്‍ സംസാരമുണ്ട്. അതില്‍ കുഴച്ചു കഴമ്പുണ്ടൊ എന്നു സംശയമുണ്ട്. നമ്മള്‍ സ്ത്രീകള്‍ നമ്മുടെ ജീവന് വില കല്പിക്കുന്നുവെന്നും, വീട്ടില്‍ ഒരുപറ്റം സ്‌നേഹനിധികള്‍ നമ്മെ കാതിരിപ്പുണ്ടെന്ന ബോധവും നമുക്ക് ഉള്ളത് കൊണ്ടാണല്ലോ നമ്മള്‍ 40 പോകുന്നത്????. നമ്മള്‍ പെണ്ണുങ്ങള്‍ 40 ഓടിച്ചിട്ടും എന്താ കാര്യം, എതിരെ ഒരു ബോധവും ഇല്ലാതെ നല്ല സ്പീഡില്‍ വന്നിടിച്ചാല്‍ എന്ത് ചെയ്യാനാണ്??. അതുകൊണ്ട് കഴിവതും കാര്‍ കൂടെ ഓടിക്കാന്‍ പഠിക്കണം. ലൈസന്‍സ് എടുക്കണം. കല്യാണം കഴിഞ്ഞു ‘ ചേട്ടാ വൈകിട്ട് എന്നെ ബ്യൂട്ടി പാര്‍ലറില്‍ വിടുമോ?’ എന്നു ചോദിക്കുന്നതിന് പകരം ‘ ചേട്ടാ, ഞാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് വരാം’ എന്നു പറയണം. ഹാ.. അങ്ങനെ പറയുമ്പോള്‍ എന്താ ഒരു സന്തോഷം. ഇന്‍ഡിപെന്‍ഡണ്ട് സ്ത്രീയാവണം ??.

3.അത്യാവശ്യം പാചകം അറിയണം. പട്ടിണി കിടക്കാതെ ജീവിക്കാന്‍ ഉള്ളത് അറിഞ്ഞാല്‍ മതി. ബാക്കി വേണേല്‍ കെട്ടിയൊന്‍ കൂടെ നിങ്ങളുടെ കൂടെ ചേര്‍ന്നു ഉണ്ടാക്കും. അല്ല പിന്നെ??.

4. കൂട്ടുകാരോടൊപ്പം ഒരു യാത്ര പോകുക. ആണ്കുട്ടികള്‍ വീട്ടില്‍ ചോദിച്ചാല്‍ ‘ പൊക്കോ മോനെ, സൂക്ഷിച്ചു പോണേ,..’ പെണ്മക്കള്‍ ചോദിച്ചാല്‍ ‘ അടങ്ങി ഒതുങ്ങി വീട്ടീലിരിക്കേടി, പെണ്ണുങ്ങള്‍ എല്ലാം കൂടെ കറങ്ങാന്‍ പോകുന്നു’?? എന്ന മറുപടി പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും കൂട്ടുകാരൊക്കെ ചേര്‍ന്നൊരു യാത്ര പോകുക.??

5. കല്യാണത്തിന് മുന്നേ തീരുമാനിക്കുക വിവാഹശേഷം എനിക്ക് സൗകര്യമുള്ളപ്പോള്‍ ഗര്ഭിണിയാകുമെന്നും അല്ലാതെ നാട്ടുകാരോ, വീട്ടുകാരോ അല്ല തീരുമാനിക്കുകയെന്നും. അതായത് വിവാഹശേഷം സാമ്പത്തിക ഭദ്രത കൈവന്നതിന് ശേഷവും, സ്വസ്ഥമായി പ്രണയിച്ചു പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷവും, സെറ്റില്‍ ആയതിനു ശേഷവും പ്രസവിക്കാമെന്ന്. അല്ലാതെ ഇവള്‍ കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിക്കുമോയെന്ന് നോക്കിയിരിക്കുന്ന നാട്ടുകാരോട് ‘സ്വന്തം വീട്ടിലെ പ്രസവത്തെ കുറിച്ചു നോക്കാന്‍’ പറഞ്ഞേക്കണം. അത്ര തന്നെ.

6.വിവാഹശേഷവും ജോലിയ്ക്ക് പോകുക. ജോലിയ്ക്ക് പോകണ്ട എന്നു പറയുന്ന ആണുങ്ങളെ കെട്ടല്ലേ. കൂട്ടിലിട്ട് വളര്‍ത്താന്‍ ബ്രോയിലര്‍ കോഴിയല്ല സ്ത്രീകള്‍. ജോലിയ്ക്ക് പോകണം. ഇല്ലെങ്കില്‍ ടി.വി യിലെ സീരിയല്‍ മുഴുവന്‍ കണ്ട് ഭ്രാന്ത് പിടിക്കും??. ജോലിയ്ക്ക് പോകുന്നത് വളരെ നല്ല കാര്യമാണ്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും കുറച്ചു നേരം മാറി നില്‍ക്കാം. സ്വന്തമായി വരുമാനം. കൂട്ടുകാര്‍. അങ്ങനെ എല്ലാം കൊണ്ടും നല്ലത് തന്നെ.

7.നീന്തല്‍, ഡാന്‍സ്, കരാട്ടെ ഇവയില്‍ ഇഷ്ടമുള്ളതൊക്കെ പഠിക്കണം. പ്രത്യേകിച്ചു നീന്തലും കരാട്ടെയും. ശല്യം ചെയ്യുന്നവരുടെ മര്‍മ്മം നോക്കി തൊഴിക്കുന്നത് നന്നായി പഠിച്ചോണം??. പിന്നെ അവന്‍ മൂത്രമൊഴിക്കരുത്????

8. വിവാഹശേഷം പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മച്ചിമാരെ പോലെ മുടിയും ചീകാതെ, ശരീരവും ശ്രദ്ധിക്കാതെ, സൗന്ദര്യവും ശ്രദ്ധിക്കാതെ നടക്കരുത്. 75 വയസ്സായിട്ടും 40 വയസ്സ് തോന്നിക്കുന്ന സിനിമ നടി രേഖ, 30 തോന്നിക്കുന്ന ശില്‍പ ഷെട്ടി, ഐശ്വര്യ റായ് ഇവരൊക്കെ ഇപ്പോഴും സുന്ദരിയായിരിക്കാമെങ്കില്‍ ഒന്നോ രണ്ടോ പ്രസവിച്ച നമുക്കും പറ്റും. പ്രസവിച്ചു കഴിഞ്ഞ ഉള്ള നെയ്യും, ലേഹ്യവും എല്ലാം കഴിച്ചു തടി കൂട്ടരുത്. ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവശേഷമോ രണ്ടു പേര് കഴിക്കുന്നത് കഴിക്കണം എന്നു പറയുന്നത് തെറ്റാണ്. ഒരല്‍പ്പം കൂടുതല്‍ കഴിച്ചാല്‍ മതി. അല്ലാതെ വാരി വലിച്ചു കഴിച്ചു അമിതഭാരം വെക്കേണ്ട. ഇനി അഥവാ ശരീര ഭാരം കൂടിയാല്‍ തന്നെ വ്യായാമവും,ഭക്ഷണ ക്രമീകരണവും കൊണ്ട് ഭാരം കുറയ്ക്കാമെന്നേ. ദേ ഈ ഞാന്‍ 14 കിലോ കുറച്ചിലെ മാസങ്ങള്‍ കൊണ്ട്??.

9.എന്തിനും ഏതിനും ഭര്‍ത്താവ് പറയുന്നത് മാത്രമേ കേള്‍ക്കു, സ്വന്തമായി എനിക്ക് ഒരു അഭിപ്രായവുമില്ല എന്നതൊക്കെ സിനിമയില്‍ മതി. ജീവിതത്തില്‍ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും വേണം.സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുക. വേറെ ഒരു കുടുംബത്തോട്ട് കയറി ചെന്നെന്ന് കരുതി, നിങ്ങള്‍ നിങ്ങളല്ലാതെയാകേണ്ട കാര്യമില്ല.

വിവാഹത്തിന് മുന്‍പ് സാധിച്ചില്ലെങ്കില്‍ തന്നെ നിരാശപ്പെടേണ്ട. വിവാഹശേഷവും വണ്ടിയോടിക്കാനോ, കരാട്ടെയോ, ഗുസ്തിയോ ഒക്കെ പഠിക്കാം. അതാകുമ്പോള്‍ ഭര്‍ത്താവിന് ഒരു ബഹുമാനമൊക്കെ തോന്നാം. ‘നിന്റെ ഭാര്യ എവിടെ പോയി?’ ‘അവള്‍ ‘കരാട്ടെ’ പഠിക്കാന്‍ പോയി’ എന്ന് ഭര്‍ത്താവ് പറയുമ്പോള്‍ കേള്‍ക്കുന്ന നാട്ടുകാര്‍ നിങ്ങളെ പറ്റി പരദൂഷണം പറയുന്നതിന് മുന്‍പ് അവര്‍ ഒന്നൂടെ ചിന്തിക്കും??. ബ്ലാക്ക് ബെല്‍റ്റോക്കെ മുറ്റത്ത് നാട്ടുകാര്‍ കാണുന്ന പോലെ വെച്ചേക്കണം. അല്ല പിന്നെ ??പെണ്ണുങ്ങളോടാ കളി??.

ഡോ. ഷിനു ശ്യാമളന്‍

pathram:
Leave a Comment