റഫാല്‍ വിമാന ഇടപാടില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കി

പാരീസ്: ഇന്ത്യയിലും ഫ്രാന്‍സിലും വിവാദമായ റഫാല്‍ വിമാന ഇടപാടില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. പ്രമുഖ എന്‍.ജി.ഒയായ ഷെര്‍പ്പയാണ് ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നും, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടമുണ്ടായോ എന്നതും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഷെര്‍പ്പയുടെ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. റഫാല്‍ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ചും എന്തടിസ്ഥാനത്തിലാണ് റിലയന്‍സ് ഡിഫന്‍സിനെ ദസ്സോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് വിശദമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിലെ പ്രമുഖ എന്‍.ജി.ഒയാണ് ഷെര്‍പ്പ.
ഫ്രഞ്ച് വിമാനനിര്‍മാതാക്കളായ ദസ്സോ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാന്‍സിലും ഒരുപോലെ വിവാദങ്ങള്‍ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്. ഇതിനുപുറമേ ദസ്സോ ഏവിയേഷന്റെ ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായി.

pathram:
Related Post
Leave a Comment