മീ ടൂ ; മോഹന്‍ലാലിനെതിരെ പ്രകാശ്രാജും

മീ ടൂ പോലൊരു വിഷയത്തില്‍ നടന്‍ മോഹന്‍ലാല്‍ കുറച്ചുകൂടി കരുതല്‍ എടുക്കേണ്ടതായിരുന്നുവെന്ന് നടന്‍ പ്രകാശ്രാജ് അഭിപ്രായപ്പെട്ടു. ”മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍. പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ” മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രകാശ്രാജ് ഇക്കാര്യം വ്യക്തമാക്കിയത്. മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ നിരീക്ഷണം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രകാശ്രാജിന്റെ പ്രതികരണം.
മീ ടൂ അതിശക്തമായ പ്രസ്ഥാനമാണെന്ന് പ്രകാശ്രാജ് ചൂണ്ടിക്കാട്ടി. ”സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിഞ്ഞാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ നിശ്ശബ്ദത പാലിച്ചാല്‍ നമ്മളും കുറ്റവാളികള്‍ക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാര്‍ഥമാണ്. അത് കാണാതെ പോവരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കുക തന്നെ വേണം.”
രണ്ട് പതിറ്റാണ്ടുകളോളം നീണ്ട ബന്ധമാണ് മോഹന്‍ലാലുമായുള്ളതെന്ന് പ്രകാശ്രാജ് ചൂണ്ടിക്കാട്ടി. ”മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ മുതലുള്ള ബന്ധമാണത്. ഇരുവരില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തുടക്കക്കാരനാണ്. ലാലേട്ടന്‍ അന്നൊരു സീനിയര്‍ ആര്‍ട്ടിസ്റ്റാണ്. പക്ഷേ, അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും കരുതലും വലുതായിരുന്നു. അതിനുശേഷം പ്രിന്‍സ് എന്നൊരു സിനിമയിലാണ് ഞങ്ങള്‍ ഒന്നിച്ചത്. ഇപ്പോഴിതാ ഒടിയനില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. ”
ഭാവനയും യാഥാര്‍ഥ്യവും ഇടകലരുന്ന പ്രമേയമാണ് ഒടിയന്റേതെന്ന് പ്രകാശ്രാജ് ചൂണ്ടിക്കാട്ടി. ”മാജിക്കല്‍ റിയലിസത്തിന്റെ ഭൂമികയാണത്. നന്മയും തിന്മയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ് ഒടിയന്‍ പറയുന്നത്. ഒടി വിദ്യ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗിക്കുമ്പോഴുണ്ടാവുന്ന മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ കാതല്‍. ”

pathram:
Leave a Comment